മുന്‍മന്ത്രി കെ.പി. വിശ്വനാഥനെതിരായ പരാമര്‍ശം സുപ്രീം കോടതി നീക്കി
Posted on: 30 Jul 2010
പി. ബസന്ത്
ന്യൂഡല്‍ഹി: കഴിഞ്ഞ യു. ഡി. എഫ് സര്‍ക്കാറില്‍ വനം മന്ത്രിയായിരുന്ന കെ. പി. വിശ്വനാഥന് ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി വ്യാഴാഴ്ച നീക്കി. വിശ്വനാഥനും സംസ്ഥാന സര്‍ക്കാറും നല്‍കിയ പ്രത്യേകാനുമതി ഹര്‍ജികള്‍ അനുവദിച്ചാണ് ജസ്റ്റിസുമാരായ പി. സദാശിവം, ബി. എസ്. ചൗഹാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. 2005-ല്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. പദ്മനാഭന്‍ നായര്‍ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് കെ.പി. വിശ്വനാഥന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
അതേസമയം, പ്രത്യേകാനുമതി ഹര്‍ജിയിലെ ആവശ്യത്തില്‍ നിന്നു വ്യത്യസ്തമായി സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് എടുത്തത് കോടതിയുടെ വിമര്‍ശനത്തിനിടയാക്കി. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറാണ് പരാമര്‍ശത്തിനെതിരെ അപ്പീല്‍ നല്‍കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയതു കൊണ്ടാണോ ഇത്തരമൊരു നിലപാടെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. ഭരണം മാറുന്നതിനനുസരിച്ച് നിലപാട് മാറ്റാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്ന കേസില്‍ കക്ഷിയല്ലാതിരുന്ന മന്ത്രി വിശ്വനാഥന്റെ ഭാഗം കേള്‍ക്കാതെയാണ് പരാമര്‍ശമുണ്ടായതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം മന്ത്രിക്കു ലഭിച്ചിട്ടില്ല. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍, കേസിന്റെ മെറിറ്റിലേക്ക് പോകരുതെന്ന് പല തവണ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പരാമര്‍ശം നടത്തുന്നതിനു മുമ്പു നോട്ടീസ് നല്‍കി മന്ത്രിയുടെ ഭാഗം കേള്‍ക്കണമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ജാമ്യാപേക്ഷയില്‍ മന്ത്രി കക്ഷിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2005 ഫിബ്രവരി എട്ടിനാണ് ജസ്റ്റിസ് പദ്മനാഭന്‍ നായരുടെ വിധി വന്നത്. ചന്ദന കള്ളക്കടത്തു കേസിലെ പ്രതികള്‍ക്കു ജാമ്യം നിഷേധിക്കുന്ന അന്നത്തെ വിധിയിലാണ് ജസ്റ്റിസ് പദ്മനാഭന്‍ നായര്‍ അന്നത്തെ മന്ത്രി വിശ്വനാഥനെതിരെ പരാമര്‍ശം നടത്തിയത്. പാലക്കാട് ജില്ലയിലെ വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസ് ജനറല്‍ മാനേജര്‍ മുസ്തഫയും മറ്റ് നാലു പേരും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പാലക്കാട് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ അമര്‍നാഥ് ഷെട്ടിയുടെ സ്വാധീനത്തിന് വഴങ്ങി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസെടുക്കുന്നുവെന്നായിരുന്നു പരാതി. പ്രതികളില്‍ ചിലര്‍ വനം മന്ത്രിക്കയച്ച കമ്പിസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനു നടപടിടെുത്തുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ചന്ദനക്കള്ളക്കടത്തുകാരായ പ്രതികള്‍ക്കു മന്ത്രിയുമായി ബന്ധമുണ്ടെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയത്.
ചന്ദന മാഫിയയും മന്ത്രിയും തമ്മിലുള്ള ബന്ധം കേസില്‍ നിന്നു വ്യക്തമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടെന്നത് മന്ത്രി നിഷേധിച്ചിട്ടില്ലെന്നും സര്‍ക്കാറും കേസിലെ എതിര്‍ കക്ഷിയായ 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' എന്ന സര്‍ക്കാറിതര സംഘടനയും സുപ്രീം കോടതിയില്‍ വാദിച്ചു.
കെ.പി. വിശ്വനാഥന് വേണ്ടി അഡ്വ. കെ.ആര്‍. ശശിപ്രഭു, സര്‍ക്കാറിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. ജി. പ്രകാശ്, 'വണ്‍ എര്‍ത്ത് വണ്‍ ലൈഫി'നുവേണ്ടി അഡ്വ. സി.കെ. ശശി എന്നിവര്‍ ഹാജരായി.