
ന്യൂഡല്‍ഹി: രാജ്യത്ത് ഇല്ലാതായ വേട്ടപ്പുലി വംശത്തെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രം വേട്ടപ്പുലികളെ (ചീറ്റ) ഇറക്കുമതിചെയ്ത് വളര്‍ത്തും. 300 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി കേന്ദ്ര പരിസ്ഥിതിമന്ത്രാലയമാവും നടപ്പാക്കുക. നമീബയില്‍നിന്നും ഇറാനില്‍നിന്നും ഇറക്കുമതിചെയ്യുന്ന വേട്ടപ്പുലികളെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തുറസ്സായ സ്ഥലത്താണ് വളര്‍ത്തുക. കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ജയറാം രമേഷാണ് ഇക്കാര്യം അറിയിച്ചത്.
'ചീറ്റ' എന്നറിയപ്പെടുന്ന വേട്ടപ്പുലികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യയില്‍ ഇല്ലാതായി. അന്താരാഷ്ട്രതലത്തില്‍ത്തന്നെ, ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളിലൊന്നാണിത്. ഐ.യു.സി.എന്നിന്റെ (അന്താരാഷ്ട്ര പ്രകൃതി-പ്രകൃതിവിഭവ സംരക്ഷണ യൂണിയന്‍) ചുവന്ന പട്ടികയിലാണ് ചീറ്റ ഉള്‍പ്പെടുന്നത്. കാലാകാലങ്ങളായി നായാട്ടുഭീഷണി നേരിട്ടുവന്ന മൃഗമാണിതെന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. വൈ.വി. ഝാല പറഞ്ഞു.
വേട്ടപ്പുലിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് വിശദമായ സര്‍വേ നടത്തിയിരുന്നു. ഇവയെ പാര്‍പ്പിക്കാന്‍ പറ്റിയ പത്തു സ്ഥലങ്ങള്‍ പരിശോധിച്ചു. ഒടുവിലാണ് രാജസ്ഥാനില്‍ പാക് അതിര്‍ത്തിക്കടുത്തുള്ള ഷാഗഢ്, മധ്യപ്രദേശിലെ കുനോ-പാല്‍പൂര്‍, നൗറാദേഹി പ്രദേശങ്ങള്‍ തിരഞ്ഞെടുത്തത്. 18 വേട്ടപ്പുലികളെയാണ് ആദ്യം കൊണ്ടുവരിക.
രാജ്യത്തെ പുല്‍മേടുകള്‍ തിരികെക്കൊണ്ടുവരാന്‍ വേട്ടപ്പുലികളെ പാര്‍പ്പിക്കുന്നതിലൂടെ കഴിയുമെന്ന് മന്ത്രി ജയറാം രമേഷ് പറഞ്ഞു. 'ചീറ്റ' എന്ന പദത്തിന് സംസ്‌കൃതവുമായി ബന്ധമുണ്ട്. സംസ്‌കൃതത്തിലെ 'ചിത്രകു'വില്‍(പുള്ളികളുള്ള) നിന്നാണ് ഇതിന്റെ ഉദ്ഭവം. മണിക്കൂറില്‍ 120 കി.മീ. വേഗത്തില്‍വരെ ഓടാന്‍ കഴിയുന്ന ചീറ്റ ഏറ്റവും വേഗമുള്ള മൃഗമാണ്.