തച്ചങ്കരി കേസ് : വിജിലന്‍സ് ഐജിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തള്ളി

Posted on: 30 Jul 2010



കൊച്ചി: ഐജി ടോമിന്‍ ജെ. തച്ചങ്കരി വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ആരോപണങ്ങള്‍ വകുപ്പുതല നടപടിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്നും ഗവ. പ്ലീഡര്‍ അറിയിച്ചിട്ടുണ്ട്.

ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഐജി വിജയാനന്ദ്, വിജിലന്‍സ് എസ്.പി. വി.എന്‍. ശശിധരന്‍ എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ജസ്റ്റിസ് ആര്‍. ബസന്ത് തള്ളി. ആലപ്പുഴ മിത്രക്കരി കരുവേലിത്തറയില്‍ ബോബി കുരുവിള നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണിത്.

ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കാണിച്ച് ബോബി കുരുവിള നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 2006 നവംബറില്‍ പ്രസ്തുത ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു.

മൂന്നു കൊല്ലം കഴിഞ്ഞിട്ടും ഈ ഉത്തരവ് പാലിച്ചില്ലെന്ന പരാതിയുമായാണ് 2010 മെയ് 21ന് ബോബി കുരുവിള തിരഞ്ഞെടുപ്പുഹര്‍ജി ഫയല്‍ ചെയ്തത്.

ഹര്‍ജിക്കാരന്റെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും അതിനാല്‍ കോടതിയലക്ഷ്യ ഹര്‍ജി തള്ളണമെന്നുമാണ് വിജിലന്‍സ് ഐജിയും മറ്റും ബോധിപ്പിച്ചത്. ഇപ്പോള്‍ സസ്‌പെന്‍ഷനിലിരിക്കുന്ന ഐജി ടോമിന്‍ തച്ചങ്കരി വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പ്രസ്തുത റിപ്പോര്‍ട്ട് പ്രഥമദൃഷ്ട്യാ വിലയിരുത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

കേസില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും വകുപ്പുതല നടപടിയില്‍ യുക്തമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/