'വണ്‍സ് അപ്പോണ്‍ എ ടൈം' ഇന്നുമുതല്‍ പ്രദര്‍ശനത്തിന്

Posted on: 30 Jul 2010



ഹൈക്കോടതിയുടെ അനുമതി

മുംബൈ: 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ' എന്ന ചിത്രത്തിനു ബോംബെ ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കി. ഈ ചിത്രം ഹാജിമസ്താനെക്കുറിച്ചുള്ളതല്ലെന്ന് എഴുതിക്കാട്ടണമെന്നുള്ള നിബന്ധനയോടെയാണ് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. ഈ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹാജി മസ്താന്റെ വളര്‍ത്തുമകന്‍ സുന്ദര്‍ശേഖര്‍ എന്ന സുലൈമാന്‍ മിര്‍സയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തേ സെഷന്‍സ് കോടതിയും ഇതേ ഉപാധിയോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് സുലൈമാന്‍ മിര്‍സ ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തില്‍ തന്റെ പിതാവിനെ അധോലോകക്കാരനായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിനെതിരെ കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നിലും ശിക്ഷിക്കപ്പെട്ടിരുന്നില്ലെന്നും ഹര്‍ജിയില്‍ സുലൈമാന്‍ മിര്‍സ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ചിത്രം അധോലോകക്കാരെക്കുറിച്ചുള്ളതാണെങ്കിലും ഹാജിമസ്താന്‍ എന്ന പേര് ചിത്രത്തില്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ബാലാജി ടെലിഫിലിംസ് കോടതിയെ ബോധിപ്പിച്ചു. മിലാന്‍ ലുഥറിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അജയ്‌ദേവ്ഗണ്‍, ഇമ്രാന്‍ ഹാശ്മി, പ്രച്ചി ദേശായ്, കങ്കണ റണൗത്ത് എന്നിവര്‍ ഇതില്‍ അഭിനയിക്കുന്നു. ഈ ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/