വൈദ്യുതിബോര്‍ഡിലും ക്ഷാമബത്ത അനുവദിച്ചു

Posted on: 30 Jul 2010



തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ജനവരി മുതല്‍ അനുവദിച്ച 14 ശതമാനം ക്ഷാമബത്ത വൈദ്യുതി ബോര്‍ഡിലും അനുവദിച്ചു. വ്യാഴാഴ്ച വൈദ്യുതിഭവനില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ ബോര്‍ഡ്‌യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ക്ഷാമബത്ത കൂടി ചേര്‍ന്നതോടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ 698 മുതല്‍ 5368 വരെ രൂപയുടെ വര്‍ധനയുണ്ടാവും.

ക്ഷാമബത്ത ആഗസ്ത് മുതലുള്ള ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്യുക. അതുവരെയുള്ള കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനും തീരുമാനിച്ചു. ആഗസ്ത് വരെ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തകുടിശ്ശിക വിതരണം ചെയ്യാന്‍ 31 കോടി രൂപയും പെന്‍ഷന്‍കാരുടെ കുടിശ്ശിക നല്‍കാന്‍ 18.5 കോടി രൂപയും ബോര്‍ഡ് കണ്ടെത്തണം. ആഗസ്ത് മുതല്‍ 2011 മാര്‍ച്ച് വരെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൂടിയുള്ള ക്ഷാമബത്തച്ചെലവ് 85.2 കോടി രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ക്ഷാമബത്ത തത്കാലം അനുവദിക്കേണ്ടതില്ലെന്ന നിലപാട് കഴിഞ്ഞയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം സ്വീകരിച്ചത് ജീവനക്കാരുടെ വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരുന്നു. റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷം ക്ഷാമബത്ത നല്‍കിയാല്‍ മതിയെന്നായിരുന്നു ബോര്‍ഡ് നേതൃത്വത്തിന്റെ നിലപാട്. ജീവനക്കാരുടെ ചെലവ് കുറയ്ക്കണമെന്ന നിലപാടുള്ള കമ്മീഷന്‍ ക്ഷാമബത്ത വിതരണത്തിന് അനുമതി നല്‍കില്ലെന്ന ഉറപ്പുള്ളതിനാലാണ് ബോര്‍ഡ് ഈ തീരുമാനമെടുത്തതെന്ന ആരോപണവുമുയര്‍ന്നു.

സി.പി.എം. സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ പോലും ബോര്‍ഡ് തീരുമാനത്തിനെതിരെ പരസ്യപ്രസ്താവനയിറക്കി. എന്നാല്‍, ഭരണപക്ഷസംഘടനകള്‍ ആരോപണത്തിന്റെ ഒരു മുന റെഗുലേറ്ററികമ്മീഷനു നേരേ തിരിച്ചുവെച്ചു. ഇതേത്തുടര്‍ന്ന്, ക്ഷാമബത്ത നല്‍കുന്നതിനോ ശമ്പളപരിഷ്‌കരണത്തിനോ തങ്ങള്‍ എതിരല്ലെന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് കമ്മീഷന്‍ ബുധനാഴ്ച ബോര്‍ഡിന് കത്തുനല്‍കി. ശമ്പളച്ചെലവിന്റെ ഭാരം ഉപയോക്താക്കള്‍ക്കുമേല്‍ കെട്ടിവെയ്ക്കുന്നതിനോടു മാത്രമാണ് തങ്ങള്‍ക്ക് എതിരെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് ക്ഷാമബത്ത അനുവദിക്കുക എന്നല്ലാതെ ബോര്‍ഡിനുമുന്നില്‍ മറ്റുവഴികള്‍ ഇല്ലാതായി. അതോടെ വ്യാഴാഴ്ച തിരുവനന്തപുരത്തുണ്ടായിരുന്ന ബോര്‍ഡ് അംഗങ്ങള്‍ ഒത്തുകൂടി ക്ഷാമബത്ത അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/