അട്ടപ്പാടിയില്‍ ആട്ടക്കലാശം; വെല്ലില്‍ നിന്നൊരു റ്റാറ്റ
Posted on: 30 Jul 2010
എസ്.എന്‍. ജയപ്രകാശ്
സഭാതലം
തിരുവനന്തപുരം : ന്യായംതേടി കുറുക്കന്റെ മുന്നിലെത്തിയ കോഴിയെപ്പോലെയായിരുന്നു പ്രതിപക്ഷം.ഇരുപത്തിനാലു ദിവസത്തെ സമ്മേളനംകഴിഞ്ഞ് സഭ അനിശ്ചിതകാലത്തേക്ക് പിരിയുമ്പോള്‍ അവര്‍ റ്റാറ്റ പറഞ്ഞത് 'വെല്ലി'ല്‍ നിന്ന്. അട്ടപ്പാടിക്കുവേണ്ടിയുള്ള ആട്ടക്കലാശം കൊഴുത്തപ്പോള്‍ പന്ത്രണ്ടാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം ആദ്യവും അവസാനവുമായി സ്തംഭിച്ചു.
അട്ടപ്പാടിയിലെ ആദിവാസിഭൂമി കാറ്റാടിക്കമ്പനിക്കാര്‍ കവര്‍ന്നതിനെക്കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട്അനുസരിച്ച് നടപടിയെടുക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.അതിനി ചീഫ്‌സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നേ പറ്റൂ എന്നാണ് മന്ത്രി എ.കെ.ബാലന്‍ പറയുന്നത്. എങ്കിലേ കോടതിയില്‍ നിലനില്‍ക്കൂ. ഭൂമാഫിയയുടെ തായ്‌വേര് തോണ്ടിയെടുത്ത് അത് അറുത്തുമാറ്റാനുള്ള ദീര്‍ഘകാലതന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് ബാലന്‍. പ്രതിപക്ഷത്തിന് അതുപോരാ. ആ കാറ്റാടികളുടെ കറക്കമെങ്കിലും ഉടന്‍ നിര്‍ത്തണമെന്നായി ഉമ്മന്‍ചാണ്ടി. എങ്കില്‍ ഇറങ്ങിപ്പോകാതിരിക്കാമെന്ന ഉപാധിയുംവെച്ചു. തിരുവഞ്ചൂരാകട്ടെ അട്ടപ്പാടിയില്‍ നിന്ന് പാടുപെട്ട് കൊണ്ടുവന്ന വ്യാജപ്രമാണങ്ങള്‍ തലങ്ങും വിലങ്ങും വീശിക്കൊണ്ടുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഒരുകൈയില്‍ കളക്ടറുടെ റിപ്പോര്‍ട്ട്. മറുകൈയില്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ട്.ബാലനെതിരെ പ്രതിപക്ഷം പാരായണദോഷവും ആരോപിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ കാറ്റാടിക്കമ്പനിക്ക് അനുകൂലമായ ഭാഗങ്ങളാണ് ബാലന്‍ വായിച്ചതത്രെ. ഇതിനിടെ കെ.എം.മാണി ക്രമപ്രശ്‌നംഉന്നയിച്ച് പ്രസംഗിക്കാന്‍ ശ്രമിച്ചതും ബഹളമായി. 'ഐ വില്‍ നെവര്‍ പെര്‍മിറ്റ്' എന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും മാണിയുടെ വീറിനുമുന്നില്‍ അദ്ദേഹം വഴങ്ങി.മന്ത്രിമാരും പ്രതിപക്ഷവും ആദിവാസികള്‍ക്കായി കണ്ണീരും വാക്കുകളും വാര്‍ത്തു.
റവന്യൂമന്ത്രി കെ.പി.രാജേന്ദ്രനാകട്ടെ, ആയതിനാല്‍ നമുക്ക് മുത്തങ്ങയെപ്പറ്റി സംസാരിക്കാമെന്ന മട്ടില്‍ എ.കെ.ആന്റണിയുടെ കാലത്തെ മുത്തങ്ങ വെടിവെപ്പിനെപ്പറ്റിയായി വര്‍ത്തമാനം. തൊണ്ണൂറ്റിഒന്‍പതില്‍ ഞങ്ങളും നിങ്ങളും ചേര്‍ന്ന് ആദിവാസികള്‍ക്കെതിരെ നിയമം പാസാക്കിയില്ലേയെന്നാണ് ബാലന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്. പ്രതിപക്ഷ നേതാവിന് സഹികെട്ടു. അപ്പോഴായിരുന്നു സഭാനാഥനായ മുഖ്യമന്ത്രിയുടെ വരവ്. ഒരു മണിക്കൂറായി പറഞ്ഞിട്ടും ഈ രാജേന്ദ്രനും ബാലനുമൊന്നും കാര്യങ്ങള്‍ മനസ്സിലാകുന്നില്ല. അങ്ങെങ്കിലും നടപടിയെടുക്കെന്നായി മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്. ഇത്രയും നേരം പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കില്‍ വേറേ ഉദ്ദേശ്യമുണ്ടെന്ന് കരുതേണ്ടിവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുഖമടച്ചുള്ള മറുപടി. ഒരു ചെറിയ പ്രകോപനംകൂടി ഉണ്ടെങ്കില്‍ കാര്യങ്ങളെല്ലാം 'ഭംഗി'യാവുമെന്ന് മുഖ്യമന്ത്രിയുംകൂടി മനസ്സിലാക്കിയിരുന്നതുപോലെ. ഇതുകേട്ടതോടെ പ്രതിപക്ഷത്തിന്റെ പിന്‍നിരകളില്‍ നിന്ന് നടുത്തളത്തിലേക്ക് ഒരു പാച്ചിലായി. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കും കാടിനും മേടിനും വേണ്ടി താളത്തില്‍ മുദ്രാവാക്യംവിളിയായി.
ഈ സമ്മേളനകാലം മുഴുവന്‍ സഹകാരികളായിക്കഴിഞ്ഞ പ്രതിപക്ഷം കൊട്ടിക്കലാശത്തില്‍ ഭാവംമാറ്റി. ഉള്‍നാടന്‍ മത്സ്യബന്ധനബില്ലും ഉപധനാഭ്യര്‍ത്ഥനകളുടെ ധനവിനിയോഗ ബില്ലും ശ്ലോകത്തില്‍കഴിച്ച് സമ്മേളനത്തിന് കര്‍ട്ടന്‍ വീഴുമ്പോഴും പ്രതിപക്ഷം നടുത്തളത്തില്‍ തന്നെയായിരുന്നു.അവിടെ നിന്ന് അവര്‍ റ്റാറ്റ പറഞ്ഞു. അപ്പോഴും അട്ടപ്പാടിയില്‍ കാറ്റാടികള്‍ കറങ്ങിക്കൊണ്ടിരുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam