ബെയ്ജിങ്: വടക്കുകിഴക്കന്‍ ചൈനയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 7000 ബാരല്‍, സ്‌ഫോടക ശേഷിയുള്ള രാസവസ്തുക്കള്‍ സൊങ്ഹുവ നദിയില്‍ ഒഴുകിയെത്തി. ഇതേത്തുടര്‍ന്ന് ജിലിന്‍ നഗരത്തില്‍ കുടിവെള്ളവിതരണം നിര്‍ത്തിവെച്ചെന്നും 40.3 ലക്ഷം പേര്‍ കുപ്പിവെള്ളത്തെ ആശ്രയിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നദിയിലെ വെള്ളം ശുദ്ധമാണെന്ന് പ്രവിശ്യാ ഭരകൂടം അറിയിച്ചു.
ജിലിന്‍ പ്രവിശ്യയിലെ ഷിയാന്‍ഖിയാങ് രാസ ഫാക്ടറിയില്‍ നിന്നാണ് ടണ്‍കണക്കിന് രാസവസ്തുക്കള്‍ നദിയിലേക്ക് ഒഴുകിയെത്തിയത്. ഇതില്‍ അതീവ സേ്ഫാടക ശേഷിയുള്ള മിഥേല്‍ ക്ലോറൈഡും തീപ്പിടിത്തത്തിന് കാരണമാകുമെന്ന ട്രൈമീഥേന്‍ ക്ലോറോ സിലിക്കണുമുണ്ട്.
നദിയിലാണ്ടുപോയ രാസബാരലുകളില്‍ 400എണ്ണം തൊഴിലാളികള്‍ തിരികെയെടുത്തു. ബാക്കിയുള്ളവ കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ജിലിന്‍ നഗരത്തില്‍ വെള്ളവിതരണം നിര്‍ത്തിയത് രാസവസ്തുക്കള്‍ ചോര്‍ന്നതു കൊണ്ടല്ലെന്നും വൈദ്യുതി പദ്ധതിയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായിട്ടാണെന്നും പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂലായ് 14മുതല്‍ ജിലിന്‍ പ്രവിശ്യയില്‍ തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 333 പേര്‍ മരിക്കുകയും 300ഓളം പേരെ കാണാതാവുകയും ചെയ്തിരുന്നു.