ജാഫ്‌ന സ്വദേശി ക്രൈം ഡിറ്റാച്ച്‌മെന്റ് അന്വേഷണം തമിഴ്‌നാട്ടിലേക്കും
Posted on: 30 Jul 2010
നെടുമ്പാശ്ശേരി: ആള്‍മാറാട്ടം നടത്തി പാരീസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ശ്രീലങ്കന്‍ സ്വദേശിയുടെ യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് കണ്ടെത്തുന്നതിനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം തമിഴ്‌നാട്ടിലേക്ക് പോകും. സംസ്ഥാനത്തിന് പുറത്ത് അന്വേഷണം നടത്തുന്നതിനായി പോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണം. അതിനാല്‍ അനുമതിക്കായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ അടുത്ത ആഴ്ച ക്രൈം ഡിറ്റാച്ച്‌മെന്റ് അന്വേഷണസംഘം തമിഴ്‌നാട്ടിലേക്കു പോകും.
തിങ്കളാഴ്ച വ്യാജ യാത്രാരേഖകളുമായി ഒമാന്‍ എയര്‍ വിമാനത്തില്‍ പാരീസിലേക്ക് പോകാനെത്തിയ ജാഫ്‌ന സ്വദേശി നന്ദകുമാര്‍ (23) ആണ് കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. എല്‍.ടി.ടി.ഇ.യുമായി ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതലായി അന്വേഷിക്കുന്നതിനാല്‍ റിമാന്‍ഡില്‍ കഴിയുന്ന നന്ദകുമാറിനെ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
നന്ദകുമാറിന്റെ സഹോദരി നന്ദിനി എല്‍.ടി.ടി.ഇ. അംഗമായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള അവര്‍ പിന്നീട് വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസിക്കുകയാണ്. നന്ദകുമാറിന്റെ മാതൃസഹോദരിയുടെ രണ്ടു മക്കള്‍ എല്‍.ടി.ടി.ഇ.ക്കാരായിരുന്നു. അവര്‍ ശ്രീലങ്കന്‍ പട്ടാളവുമായി ഏറ്റുമുട്ടി മരിച്ചു. എന്നാല്‍ തനിക്ക് എല്‍.ടി.ടി.ഇ.യുമായി ബന്ധമില്ലെന്നാണ് നന്ദകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
അമ്മൂമ്മയുടെ കാന്‍സര്‍ ചികിത്സക്കായാണ് ഒരു വര്‍ഷം മുന്‍പ് തമിഴ്‌നാട്ടില്‍ എത്തിയതെന്നാണ് ഇയാള്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളുടെ ബന്ധുക്കള്‍ തമിഴ്‌നാട്ടില്‍ ഉണ്ട്. ഇയാളുടെ അസ്സല്‍ പാസ്‌പോര്‍ട്ട് ചെന്നൈയിലെ ബന്ധുവിന്റെ വീട്ടില്‍ ഉണ്ടത്രെ. തമിഴ്‌നാട്ടില്‍ അന്വേഷണത്തിനായി പോകുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘം ബന്ധുവിന്റെ വീട്ടില്‍ പോയി പാസ്‌പോര്‍ട്ടും മറ്റും പരിശോധിക്കും. ഇയാള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്ത ഏജന്റിനെക്കുറിച്ചും അന്വേഷിക്കും.
ചെന്നൈ സ്വദേശിയായ ഒരാള്‍ തിരുവനന്തപുരത്തു നിന്നുമാണ് നന്ദകുമാറിനായി പാരീസിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തിരിക്കുന്നത്. കൊച്ചിയിലെ ഒരു ട്രാവല്‍ ഏജന്‍സി ഓഫീസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍സി ഓഫീസില്‍ നിന്നു ലഭിച്ച ഫോണ്‍ നമ്പറില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുനോക്കിയെങ്കിലും നമ്പര്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. നന്ദകുമാറിനെ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച രണ്ട് മലയാളി യുവാക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam