സൂപ്പര്‍താരങ്ങളുടെ ഗൂഢാലോചന റിലീസിങ് മുടക്കി - വിനയന്‍
Posted on: 30 Jul 2010
കൊച്ചി: സൂപ്പര്‍താരങ്ങളുടെ ഗൂഢാലോചനയുടെ ഫലമായാണ് 'യക്ഷിയും ഞാനും' എന്ന തന്റെ സിനിമയുടെ റിലീസിങ് മുടങ്ങിയതെന്ന് സംവിധായകന്‍ വിനയന്‍. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫിലിം ചേംബറിന്റെ നിര്‍ദേശപ്രകാരം തന്റെ ചിത്രത്തിന്റെ നിര്‍മാതാവ് അവരുമായി ചര്‍ച്ച നടത്താന്‍ പോയിരുന്നു. എന്നാല്‍, അദ്ദേഹം എത്തുന്നതിനു മുമ്പ് ചേംബര്‍ നേരിട്ട് ഇടപെട്ട് ചിത്രത്തിന്റെ റിലീസിങ് തടയുകയായിരുന്നു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ സുരേഷ്‌കുമാറും സാബു ചെറിയാനും തന്നെ തകര്‍ത്തേയടങ്ങൂ എന്ന വാശിയിലാണ്-വിനയന്‍ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് അനുവാദം നല്‍കിയ ചിത്രത്തിന് സംഘടന വിലക്കു കല്‍പിക്കുന്നത് ശരിയല്ല. കീഴ്‌വഴക്കങ്ങളും നിയമങ്ങളും എപ്പോഴും ആ സംഘടനയിലുള്ളവര്‍ തന്നെ പാലിച്ചാല്‍ മാത്രമെ പ്രാബല്യത്തില്‍ വരികയുള്ളു. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു ചിത്രം പുറത്തിറങ്ങിയത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. അതിനെതിരെ ചേംബര്‍ നടപടി സ്വീകരിച്ചിരുന്നില്ല. ചേംബര്‍ സെക്രട്ടറി എവര്‍ഷൈന്‍ മണി തന്നോട് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ്.
സിനിമ തൊഴിലാണെന്നും ഒരു സംഘടനയ്ക്കും താന്‍ എതിരല്ലെന്നും എന്തുവില കൊടുത്തും 'യക്ഷിയും ഞാനും' റിലീസ് ചെയ്യിക്കുമെന്നും വിനയന്‍ പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam