കോള്‍ലിസ്റ്റുകള്‍ ലഭിക്കാന്‍ കടമ്പകളേറെ; കേസ് അന്വേഷണങ്ങള്‍ വഴിമുട്ടുന്നു

Posted on: 30 Jul 2010



ആലുവ: മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ കോള്‍ ലിസ്റ്റുകള്‍ നല്‍കാന്‍ നിബന്ധനകള്‍ വയ്ക്കുന്നതു മൂലം അബ്കാരി, മയക്കുമരുന്ന് കേസുകളുടെ അന്വേഷണം വഴിമുട്ടുന്നു.

സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നിബന്ധനകള്‍ ഇളവ് ചെയ്ത് കോള്‍ ലിസ്റ്റുകള്‍ നല്‍കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും ബിഎസ്എന്‍എല്‍ കടുംപിടുത്തം തുടരുന്നുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഡിജിപി അംഗീകരിച്ചിട്ടുള്ള ലീഗല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ ഇമെയില്‍ അഡ്രസില്‍ മാത്രമേ കോള്‍ ഡീറ്റെയില്‍സ് നല്‍കൂ എന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്. അംഗീകൃത ഇമെയില്‍ അഡ്രസുകള്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ അറിയിച്ച് അംഗീകാരം വാങ്ങിയിട്ടുണ്ടെന്നും ബിഎസ്എന്‍എല്‍ അറിയിക്കുന്നു.

ഇതോടെ കേസുകളന്വേഷിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കോള്‍ ലിസ്റ്റുകള്‍ നേരിട്ടു ലഭിക്കുന്നില്ല. കേസന്വേഷണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥന് കോള്‍ ലിസ്റ്റ് ലഭ്യമാക്കാതെയായതോടെ വളരെ പ്രധാനപ്പെട്ട ചില അബ്കാരി, മയക്കുമരുന്നു കേസുകളുടെ അന്വേഷണം നിശ്ചലാവസ്ഥയിലാണ്.

മയക്കുമരുന്ന് കേസുകളില്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ പോലീസിന് ആശ്രയമാകുന്നത് പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള കോളുകളും ഇന്‍കമിംങ് കോളുകളുമാണ്. ഇവയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് യഥാര്‍ത്ഥ പ്രതികളിലേക്കെത്തുക. മയക്കുമരുന്നു കേസുകളില്‍ പിടിയിലാകുന്നവര്‍ മിക്കവാറും മയക്കുമരുന്ന് വ്യാപാര ശൃംഖലയിലെ താഴെത്തട്ടിലുള്ള വാഹകരായിരിക്കും. ആരാണ് കൊടുത്തുവിട്ടതെന്നോ ആര്‍ക്കാണ് കൊടുക്കേണ്ടതെന്നോ പോലും ഇവര്‍ക്കറിയാന്‍ കഴിയില്ല.

മൊബൈല്‍ ഫോണിലൂടെ എത്തുന്ന സന്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇവരില്‍ നിന്ന് യഥാര്‍ത്ഥ പ്രതികളിലേക്കെത്താനുള്ള ആകെയുള്ള മാര്‍ഗം മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയില്‍സ് തിരയുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോള്‍ ഡീറ്റെയില്‍സ് ലഭ്യമാക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/