ബാങ്കുകള്‍ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു തുടങ്ങി

Posted on: 30 Jul 2010



മുംബൈ: റിസര്‍വ് ബാങ്കിന്റെ ചൊവ്വാഴ്ചത്തെ പണ-വായ്പാ നയ അവലോകനത്തില്‍ റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കൂട്ടിയതിന് തുടര്‍ച്ചയായി ബാങ്കുകള്‍ നിക്ഷേപനിരക്ക് ഉയര്‍ത്തിത്തുടങ്ങി. എച്ച്ഡിഎഫ്‌സി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവയാണ് നിരക്ക് വര്‍ധിപ്പിച്ചത്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ഈ നടപടി. അടുത്ത ഘട്ടത്തില്‍ വായ്പാ പലിശയും ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക് 0.25 ശതമാനം മുതല്‍ 0.75 ശതമാനം വരെയാണ് പലിശ വര്‍ധിപ്പിച്ചത്. ഇത് വെള്ളിയാഴ്ച പ്രാബല്യത്തിലാവും. സെന്‍ട്രല്‍ ബാങ്കും ലക്ഷ്മി വിലാസ് ബാങ്കും അടുത്താഴ്ച മുതലാണ് പലിശ വര്‍ധിപ്പിക്കുന്നത്. വര്‍ധന 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെയാണ്. വായ്പാ വളര്‍ച്ചയ്ക്ക് അനുസൃതമായി ബാങ്കുകള്‍ നിക്ഷേപ സമാഹരണം നടത്തണമെന്ന് റിസര്‍വ് ബാങ്ക് പണ-വായ്പാ നയ അവലോകനത്തില്‍ നിര്‍ദേശിച്ചിരുന്നു.

പലിശ വര്‍ധിപ്പിച്ച ബാങ്കുകള്‍ ഹ്രസ്വകാല നിരക്കിലാണ് കൂടുതല്‍ വര്‍ധന വരുത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 91 ദിവസം മുതല്‍ ആറു മാസക്കാലത്തേക്കുള്ള നിക്ഷേപ പലിശ 4.5 ശതമാനത്തില്‍നിന്ന് 5.25 ശതമാനത്തിലേക്ക് ഉയര്‍ത്തിയപ്പോള്‍ രണ്ട് വര്‍ഷവും 16 ദിവസവുമുള്ള നിക്ഷേപത്തിന്റെ നിരക്ക് 7.25 ശതമാനത്തില്‍നിന്ന് 7.5 ശതമാനത്തിലേക്കേ വര്‍ധിപ്പിച്ചിട്ടുള്ളൂ. സെന്‍ട്രല്‍ ബാങ്ക് 46 ദിവസം മുതല്‍ 90 ദിവസത്തേക്കുള്ള നിക്ഷേപത്തിന്റെ പലിശ 3.75 ശതമാനത്തില്‍നിന്ന് 4.25 ശതമാനത്തിലെത്തിച്ചു.

എന്നാല്‍ ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെയുള്ള നിരക്ക് 6.5 ശതമാനത്തില്‍നിന്ന് 6.75 ശതമാനമായേ ഉയര്‍ത്തിയിട്ടുള്ളു. ലക്ഷ്മി വിലാസ് ബാങ്കാവട്ടെ 181 ദിവസം മുതല്‍ 270 ദിവസം വരെ 5.75 ശതമാനം നല്‍കിയിരുന്നത് 6.25 ശതമാനമായി ഉയര്‍ത്തി. എന്നാല്‍ ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 7.25 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായേ വര്‍ധിപ്പിച്ചിട്ടുള്ളു.

നിക്ഷേപ പലിശ വര്‍ധിപ്പിക്കുമ്പോള്‍ ബാങ്കുകളുടെ പലിശ ബാധ്യത ഉയരും. ബാങ്കുകളുടെ ലാഭം നിലനിര്‍ത്താന്‍ സ്വാഭാവികമായും വായ്പാ പലിശയും വര്‍ധിപ്പിക്കേണ്ടിവരുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പരേഷ് സുഖ് താങ്കര്‍ പറഞ്ഞു.
കോര്‍പ്പറേഷന്‍ ബാങ്ക് പ്രത്യേക നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. മറ്റു നിക്ഷേപ നിരക്കുകളും പുനരവലോകനം ചെയ്യുമെന്ന് ബാങ്ക് ചെയര്‍മാനും എംഡിയുമായ ജെ.എം. ഗാര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/