ആയുധങ്ങളും രേഖകളും കൊണ്ടുവെച്ചത് പോലീസും സി.പി.എമ്മും-പോപ്പുലര്‍ ഫ്രണ്ട്
Posted on: 30 Jul 2010
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടന്ന റെയ്ഡുകളില്‍ കണ്ടെത്തിയ ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും കൊണ്ടുവെച്ചത് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സി.പി.എമ്മും ആണെന്ന് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പത്രസമ്മേളനത്തില്‍ ആരോപിച്ചു . പിടിച്ചെടുത്ത രേഖകള്‍ പോപ്പുലര്‍ ഫ്രണ്ടിന്‍േറതല്ലെന്ന് ബോധ്യപ്പെട്ടാല്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗൂഢാലോചന നടത്തുകയാണ്. മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശൈഥില്യമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. സമൂഹം മുസ്‌ലിമിന് കല്‍പ്പിച്ചിരുന്ന ചില അതിരുകള്‍ ഭേദിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതോടെയാണ് അവര്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞത്. സംസ്ഥാനത്ത് നടന്ന റെയ്ഡുകളില്‍ ഞങ്ങളുടേതെന്ന് പ്രചരിക്കപ്പെട്ട ബോംബുകളെല്ലാം കണ്ടെത്തിയത് കണ്ണൂരില്‍ നിന്നാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ് ഈ റെയ്ഡുകള്‍ നടന്നതെന്നോര്‍ക്കണം. പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊണ്ടുവെച്ച ബോംബുകള്‍ അവരുടെതന്നെ നിര്‍ദേശപ്രകാരം ഞങ്ങളുടെ ഓഫീസുകളില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയായിരുന്നു. തളിപ്പറമ്പില്‍ ഒരു എസ്.ഐ തന്നെയാണ് ബോംബ് കൊണ്ടുവെച്ചത്. അയാള്‍ക്കെതിരെ അന്വേഷണത്തിന് തുനിഞ്ഞ ഡി.വൈ.എസ്.പിയെ ഉടനടി മാറ്റുകയും ചെയ്തു. ശത്രുക്കളുടെ തലയറുത്തുമാറ്റി പ്രദര്‍ശിപ്പിക്കുകയും വയര്‍ കീറി മണ്ണുവാരിയിടുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയാണ് മൂവാറ്റുപുഴ സംഭവത്തിന്റെ പേരില്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അധ്യാപകന്റെ കൈവെട്ടിയ സംഭവം തെറ്റുതന്നെയാണ്. എന്നാല്‍ അതിന് സാഹചര്യമൊരുക്കിയ ഒരുപാട് സംഭവങ്ങളുണ്ട്. മതനിന്ദയ്ക്കും മഫ്ത നിരോധനത്തിനുമെല്ലാം അതില്‍ പങ്കുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തും. നിരോധിക്കപ്പെട്ട 'സിമി' യുടെ പ്രവര്‍ത്തകര്‍ പോപ്പുലര്‍ ഫ്രണ്ടിലുണ്ട്. സംഘടന നിരോധിക്കപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് ആറ്റില്‍ച്ചാടി ചാകാനൊക്കില്ലല്ലോ? സിമിയുടെ മുന്‍ പ്രവര്‍ത്തകരായ കെ.ടി.ജലീലിന് സി.പി.എമ്മിലും സമദാനിക്ക് മുസ്‌ലിം ലീഗിലും പ്രവര്‍ത്തിക്കാമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടില്‍ മാത്രം അത് പാടില്ലെന്ന് പറയുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.
എല്ലാകാലത്തും ദേശസ്നേഹത്തിനായി നിലകൊണ്ട പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണ് ചില പുസ്തകങ്ങള്‍ കണ്ടെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്. കാലാകാലങ്ങളായി സംഘപരിവാര്‍ പറയുന്ന കാര്യമാണിത്. ഇന്റലിജന്‍സുകാരും മറ്റുചില വിഘടന ശക്തികളും എഴുതിവെയ്ക്കുന്ന ലേഖനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തരുത്. രാജ്യവിരുദ്ധ ലേഖനങ്ങള്‍ ഞങ്ങളുടേതെന്ന് തെളിയിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം-നാസറുദ്ദീന്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ഹമീദും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.