മെഡിക്കല്‍ ഉപകരണങ്ങള്‍ കേടായി; കമ്പനിയെ കരിമ്പട്ടികയിലാക്കി
Posted on: 30 Jul 2010
ടി. ജി. ബേബിക്കുട്ടി
തിരുവനന്തപുരം: മുപ്പതോളം സര്‍ക്കാര്‍ ആസ്പത്രികളിലേക്ക് സ്വകാര്യ കമ്പനി നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങളില്‍ പത്തും കേടായി. ഇതേത്തുടര്‍ന്ന് മുബൈ ആസ്ഥാനമായ കമ്പനിയെ മൂന്നുവര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പ്പെടുത്താന്‍ മെഡിക്കല്‍ സര്‍വീസസ് കേര്‍പ്പറേഷന്‍ തീരുമാനിച്ചു.
മുംബൈയിലെ മെസ്‌ട്രോസ് മെഡിലൈന്‍ സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്നാണ് 29 ആസ്പത്രികള്‍ക്കായി മള്‍ട്ടിപെരാമീറ്റര്‍ മോണിട്ടര്‍ എന്ന ഉപകരണം വാങ്ങിയത്. ജനവരിയിലാണ് കമ്പനി ഉപകരണങ്ങള്‍ സ്ഥാപിച്ചത്. എന്നാല്‍ ആറുമാസത്തിനകം തന്നെ പത്തോളം ആസ്പത്രികളിലെ ഉപകരണങ്ങള്‍ തകരാറിലായതായി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് പരാതി ലഭിച്ചു. ഇതേത്തുടര്‍ന്ന് കമ്പനി നല്‍കിയ 45 ഉപകരണങ്ങളും തിരിച്ചെടുക്കാന്‍ കോര്‍പ്പറേഷന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയെ മൂന്ന് വര്‍ഷത്തേക്ക് കരാറുകളില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടയാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു.
ഐ. സി. യുവില്‍ കിടക്കുന്ന രോഗികളുടെ രക്തസമ്മര്‍ദം, ഇ. സി. ജി, ടെമ്പറേച്ചര്‍ തുടങ്ങിയവ നിരീക്ഷിക്കാനുള്ള മോണിട്ടറാണ് മള്‍ട്ടി പെരാമീറ്റര്‍. 1.45 ലക്ഷം രൂപയാണ് ഒരു മോണിട്ടറിന്റെ വില.
സംസ്ഥാനത്തെ മുഴുവന്‍ ആസ്പത്രികളിലും ആവശ്യപ്പെട്ടിട്ടുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഡിസംബറിനുള്ളില്‍ സ്ഥാപിക്കാന്‍ നടപടി ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരി സര്‍ക്കാര്‍ ആസ്പത്രിയിലും കോഴിക്കോട് കുട്ടികളുടേയും സ്ത്രീകളുടേയും ആസ്പത്രിയിലും ഓപ്പറേഷന്‍ ടേബിള്‍ ലൈറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടുത്തമാസം രണ്ടാം വാരത്തോടെ സ്ഥാപിക്കും. ഈ ആസ്പത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വൈകുന്നത് നേരത്തേ വിവാദമായിരുന്നു.
ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഒരാള്‍മാത്രം അവസാന റൗണ്ടില്‍ ഉണ്ടായിരുന്ന ടെന്‍ഡറുകള്‍ പതിമൂന്ന് എണ്ണം റദ്ദാക്കിയിട്ടുണ്ട്. പുതുതായി 45 ലക്ഷത്തിന്റെ ടെന്‍ഡര്‍ വിളിച്ചിട്ടുമുണ്ട്. നിശ്ചിത മാനദണ്ഡം പാലിക്കാത്ത കമ്പനികളെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഒഴിവാക്കാന്‍ പ്രീ ബിഡ് മീറ്റിങ് നടത്തുന്നതും കോര്‍പ്പറേഷന്‍ നിര്‍ബന്ധമാക്കി. ടെന്‍ഡര്‍ നടപടി കൂടുതല്‍ സുതാര്യമാക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് കോര്‍പ്പറേഷന്‍ കരുതുന്നു.
ഉപകരണങ്ങള്‍ക്ക് തകരാറുണ്ടായാല്‍ മൂന്നുദിവസത്തിനകം പരിഹരിക്കാനുള്ള നടപടികളും കോര്‍പ്പറേഷന്‍ സ്വീകരിക്കും. ഇതിനായി പ്രത്യേകം എന്‍ജിനീയറിങ് വിഭാഗം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തകരാര്‍ പരിഹരിക്കുന്നതിന് നിശ്ചിത സമയപരിധി വച്ച് കരാര്‍മാനദണ്ഡം മാറ്റും. ഏത് ഉപകരണവും നിശ്ചിത ആസ്പത്രികളില്‍ ഒരുമാസം പ്രവര്‍ത്തിപ്പിച്ച് തകരാറില്ലെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കമ്പനികള്‍ക്കുള്ള സാമ്പത്തിക ബാധ്യത മുഴുവന്‍ കൊടുത്തു തീര്‍ക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് സ്ഥലമൊരുക്കല്‍ തൊട്ടുള്ളനടപടികള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്ന കാര്യവും ആലോചിച്ചിട്ടുണ്ട്. വിവിധ പദ്ധതികള്‍ വഴി ആസ്പത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കോര്‍പ്പറേഷന് എണ്‍പത്തൊന്ന് കോടിയാണ് ഈ വര്‍ഷം ലഭിച്ചിട്ടുള്ളത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam