റാഗിങ്: നിര്‍ദേശങ്ങള്‍ പാലിക്കാത്ത കോളേജുകള്‍ക്കെതിരെ നടപടി
Posted on: 30 Jul 2010
വി. എസ്. ശ്യാംലാല്‍
തിരുവനന്തപുരം: റാഗിങ് തടയുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത കോളേജുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കര്‍ശനമാക്കുന്നു. റാഗിങ് തടയാനുള്ള നടപടികളെ പല സ്വാശ്രയ കോളേജുകളും ഗൗരവമായി കാണുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനായി കോളേജുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കുകയും അവരുടെ റിപ്പോര്‍ട്ടു പ്രകാരം നടപടിയെടുക്കുകയും ചെയ്യാനാണ് തീരുമാനം.
സുപ്രീംകോടതിയുടെ അഭിപ്രായമനുസരിച്ച് റാഗിങ് തടയാനുള്ള പ്രാഥമിക ഉത്തരവാദിത്വം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്. റാഗിങ് ഉണ്ടായാല്‍ പോലീസില്‍ അറിയിക്കുന്നതില്‍ കാലതാമസം വരുത്തുകയോ അറിയിക്കാതിരിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ നടപടിയുണ്ടാവും. റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥിയോ രക്ഷിതാവോ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാലും അതു ചെയ്യാനുള്ള സ്ഥാപനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
കോളേജുകളില്‍ ആന്റി റാഗിങ് കമ്മിറ്റികളും ആന്റി റാഗിങ് സ്‌ക്വാഡുകളും നിര്‍ബന്ധമായും രൂപവത്കരിച്ചിരിക്കണമെന്ന് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഭൂരിഭാഗം കോളേജുകളും കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ ആന്റി റാഗിങ് കമ്മിറ്റികള്‍ക്കു രൂപം നല്‍കിയെങ്കിലും അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കിയില്ല. സ്ഥാപനത്തിനു പുറത്തുനിന്നുള്ളവര്‍ ഇത്തരം കമ്മിറ്റികളില്‍ വരുന്നത് സ്ഥാപനത്തിനകത്തു നടക്കുന്ന കാര്യങ്ങള്‍ തെരുവില്‍ ചര്‍ച്ച ചെയ്യുന്നതിനിടയാക്കും എന്നതായിരുന്നു അതിനു പറഞ്ഞ കാരണം. ഇതിന്റെ ഫലമായി ഈ കമ്മിറ്റികള്‍ യാതൊരുവിധ അധികാരങ്ങളുമില്ലാത്ത കടലാസു പ്രസ്ഥാനങ്ങളായി മാറുകയും റാഗിങ് സംഭവങ്ങള്‍ പലയിടത്തും ഉണ്ടാവുകയും ചെയ്തു.
റാഗിങ് ഫലപ്രദമായി തടയപ്പെടുന്നുണ്ടോ, റാഗിങ് വിരുദ്ധ സമിതികള്‍ പൂര്‍ണ അധികാരത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേകള്‍ നടക്കും. റാഗിങ് വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും അല്ലാത്തവയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഇപ്പോള്‍ പ്രൊഫഷണല്‍ കോളേജുകളില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഈ അദ്ധ്യയന വര്‍ഷത്തെ റാഗിങ് വിരുദ്ധ കാമ്പയിന്‍ ശനിയാഴ്ച തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ തുടങ്ങും. ഈ പരിപാടി എജുസാറ്റ് മുഖേന റിലേ ചെയ്യുന്നുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam