ഭൂമി തട്ടിപ്പ്: ഉടന്‍ നടപടി ആവശ്യപ്പെട്ട് സഭ സ്തംഭിപ്പിച്ചു

Posted on: 30 Jul 2010



* ആധാരങ്ങള്‍ റദ്ദുചെയ്ത് ആദിവാസികള്‍ക്ക് ഭൂമി നല്‍കണം.
* കമ്പനിയുടെ പ്രവര്‍ത്തനം നിരോധിക്കണം.
* കളക്ടറുടെ റിപ്പോര്‍ട്ട് മറികടന്നത് കാറ്റാടിക്കമ്പനിയെ സഹായിക്കാന്‍.
* രണ്ടാമത്തെ അന്വേഷണം കപടനാടകം-പ്രതിപക്ഷം.
* ഒരു മാസത്തിനകം റിപ്പോര്‍ട്ട് - സര്‍ക്കാര്‍

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിഭൂമി കാറ്റാടി വൈദ്യുതി കമ്പനി തട്ടിയെടുത്ത കേസ്സില്‍ ഉടന്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ആദിവാസികള്‍ക്ക് ഭൂമി വീണ്ടെടുത്ത് നല്‍കുക, കാറ്റാടി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പിക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷമുയര്‍ത്തിയത്. ആദിവാസികള്‍ കബളിപ്പിക്കപ്പെട്ടുവെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാതെ വീണ്ടും മറ്റൊരന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ കാറ്റാടി കമ്പനിയെ സഹായിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കളക്ടര്‍ ശുപാര്‍ശചെയ്ത പ്രകാരമാണ് വിദഗ്ദ്ധാന്വേഷണത്തിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ആറംഗ സമിതിയെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. കാറ്റാടി കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവെയ്പിച്ചാല്‍ കോടതിവഴി അവര്‍ക്ക് നിരോധനം മറികടക്കാനാകുമെന്നതിനാല്‍ അതിന് മുതിരില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികള്‍ സ്തംഭിപ്പിച്ചു. നടപടികള്‍ ബഹളത്തിനിടയില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതുസംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് നിയമസഭയ്ക്ക് മന്ത്രി എ.കെ.ബാലന്‍ നല്‍കിയ ഉറപ്പ് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂര്‍ ആരോപിച്ചത്. കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട ദിവസം ആദിവാസികളെ സംബന്ധിച്ച് കറുത്ത ദിവസമാണ്. രണ്ടാമത്തെ അന്വേഷണം സര്‍ക്കാരിന്റെ കപടനാടകമാണ്. ഭൂമി തട്ടിയെടുക്കുന്നതില്‍ ഭരണതലത്തിലെ ഉന്നതര്‍ക്ക് കൈയും പങ്കുമുണ്ട്. ഇതു പുറത്തുവരാതിരിക്കാനാണ് കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതിരിക്കുന്നത്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും ഇതുവരെ ആകെ സസ്‌പെന്‍ഡ് ചെയ്തത് വില്ലേജ് ഓഫീസര്‍ ഉഷാകുമാരിയെ മാത്രമാണ്. അവരെതന്നെ ആദ്യം സസ്‌പെന്‍ഡ്‌ചെയ്ത് തിരിച്ചെടുത്തശേഷം പ്രതിപക്ഷം രംഗത്തുവന്നപ്പോള്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അഹാഡ്‌സിലെ ഉദ്യോഗസ്ഥരുടെ പങ്കോടെയാണ് ഭൂമിതട്ടിപ്പ് നടന്നതെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടും അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഒന്നുമെടുത്തില്ല. വ്യാജ ആധാരങ്ങള്‍ രജിസ്റ്റര്‍ചെയ്ത ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തിട്ടില്ല-തിരുവഞ്ചൂര്‍ പറഞ്ഞു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തേണ്ടതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഒരു മാസത്തിനകം ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കും. അതുവരെ കളക്ടറുടെയും ആര്‍.ഡി.ഒയുടെയും നേതൃത്വത്തില്‍ അവിടെ നടക്കുന്ന നടപടികള്‍ തുടരുകയും ചെയ്യും. ആദിവാസികളോട് വലിയ താത്പര്യം പ്രകടിപ്പിക്കുന്ന പ്രതിപക്ഷം ഭരണത്തിലിരുന്നപ്പോള്‍ ആദിവാസിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഒരു സര്‍വേനമ്പരിലെ ക്രമക്കേടാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നും സമാനമായ ക്രമക്കേട് മറ്റ് സ്ഥലങ്ങളിലും ഉണ്ടാകുമെന്നതിനാല്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ആറും ഏഴും കൈമാറ്റത്തിനുശേഷമാണ് കമ്പനിയുടെ പക്കല്‍ ഭൂമിയെത്തിയിരിക്കുന്നത്. ഈ ഭൂമിയുടെ അടിയാധാരങ്ങളും '99 ലെ നിയമത്തിന്റെ പരിരക്ഷ ഉണ്ടോയെന്നും പരിശോധിക്കണം. ആധാരമില്ലാതെയും വ്യാജആധാരം വെച്ചും രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ട്. '86ന് മുന്‍പ് നടന്ന കൈമാറ്റമാണ് എന്നും കാണുന്നു. അതുകൊണ്ട് വിശദമായ അന്വേഷണം വേണം-മന്ത്രി ബാലന്‍ പറഞ്ഞു.
ഒരു വില്ലേജിലെ തട്ടിപ്പ് കണ്ടെത്തുകയും മറ്റ് സര്‍വേകളിലും വില്ലേജുകളിലും തിരിമറി നടന്നതായി സംശയിക്കുകയും ചെയ്യുമ്പോള്‍, തട്ടിപ്പ് തെളിഞ്ഞ കാര്യത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. 40 വര്‍ഷമായി ആദിവാസികളുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് തട്ടിയെടുത്തതെന്ന് ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദിവാസി ഊരില്‍ ആദിവാസികളല്ലാതെ മറ്റാര്‍ക്കാണ് ഭൂമി? ഈ ഭൂമിയിലുള്ള ആദിവാസികളുടെ ഉടമസ്ഥതയെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പറയുന്നത് എന്തിന്? ഒരു മാസത്തെ സമയം അനുവദിക്കുന്നത് കമ്പനിക്ക് കോടതിയില്‍ പോയി നടപടികള്‍ തടസ്സപ്പെടുത്താന്‍ അവസരമൊരുക്കി നല്‍കലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞുകിട്ടാന്‍ തക്കം നോക്കുകയാണ് സര്‍ക്കാര്‍. നടപടിയെടുത്താല്‍ ഇതിന് പിന്നിലുള്ളവരുടെ മുഖം തെളിയും-ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെയും ആദിവാസികളെയും കബളിപ്പിച്ചുവെന്ന് ബോധ്യപ്പെട്ട കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പിക്കരുതോയെന്നും കള്ള ആധാരങ്ങള്‍ റദ്ദ്‌ചെയ്യരുതോയെന്നും അദ്ദേഹം ചോദിച്ചു. ചീഫ്‌സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പിറ്റേന്ന് ആധാരങ്ങള്‍ റദ്ദുചെയ്യുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞു. ഇപ്പോള്‍ കമ്പനിക്കെതിരെ നടപടിയെടുത്താല്‍ കോടതിവഴി അവര്‍ അനുകൂല നടപടി സമ്പാദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മന്ത്രിമാരുടെ മറുപടി ആവര്‍ത്തിച്ച മുഖ്യമന്ത്രി പ്രതിപക്ഷം മറ്റ് ഉദ്ദേശ്യത്തോടെയാണ് വന്നതെന്ന് കരുതേണ്ടിവരുമെന്നും പറഞ്ഞു. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/