സെനറ്റ് നോമിനേഷന്‍: മന്ത്രി ഒഴിഞ്ഞുമാറിയെന്ന് പരാതി

Posted on: 30 Jul 2010



തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ പ്രതിനിധികളെ നിര്‍ദേശിച്ച് സര്‍ക്കാര്‍ കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട സബ്മിഷനില്‍ നിന്ന് വിദ്യാഭ്യാസമന്ത്രി ഒഴിഞ്ഞുമാറി. സര്‍ക്കാരിന് അസൗകര്യമുണ്ടാക്കുന്ന വിഷയമായതിനാലാണ് മന്ത്രി ഒഴിഞ്ഞുമാറിയതെന്നും ഇതിനുള്ള മറുപടി തനിക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജോസഫ് എം. പുതുശ്ശേരി സ്​പീക്കര്‍ക്ക് കത്ത് നല്‍കി.

സെനറ്റിലേക്ക് വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ 13 പേരെ ചാന്‍സലറായ ഗവര്‍ണറാണ് നോമിനേറ്റ് ചെയ്യേണ്ടത്. എന്നാല്‍ ഇതിനുള്ള പേരുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതാണ് വിവാദമായത്. സര്‍ക്കാരിന് താത്പര്യമുള്ളവരുടെ പട്ടിക സര്‍വകലാശാലയ്ക്ക്‌നല്‍കുകയും രജിസ്ട്രാര്‍ അത് ഗവര്‍ണര്‍ക്ക്‌സമര്‍പ്പിക്കുകയുമായിരുന്നു.

സെനറ്റംഗങ്ങളായി വിവിധ തുറകളില്‍ പ്രഗത്ഭരായവരെ നിയമിക്കേണ്ട സ്ഥാനത്ത് ഭരണനേതൃത്വം പാര്‍ട്ടി ഭാരവാഹികളെ നിര്‍ദേശിക്കുകയായിരുന്നു. വ്യവസായികളില്‍ നിന്നുള്ള പ്രതിനിധിയായി സി.പി.എം. നേതാവും മുന്‍ കൊല്ലം എം.പിയുമായ പി. രാജേന്ദ്രനെയാണ് ഒന്നാം പേരുകാരനായി ഉള്‍പ്പെടുത്തിയത്. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധിയായി ഡി.വൈ.എഫ്.ഐ. തേവലക്കര വില്ലേജ് സെക്രട്ടറിയെയും കായികതാരങ്ങളുടെ പ്രതിനിധിയായി സി.പി.എം. നേതാവ് സജി ചെറിയാന്റെ പേരുമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായിരുന്നവരും വിവാദമായതിനെ തുടര്‍ന്ന് ലോകായുക്ത റദ്ദാക്കിയ സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിന് ചുക്കാന്‍ പിടിച്ചവരുമായ ബി.എസ്. രാജീവ്, എ.എ. റഷീദ് എന്നിവരെയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ സബ്മിഷനായി ജോസഫ് എം. പുതുശ്ശേരി നോട്ടീസ് നല്‍കിയിരുന്നു. സബ്മിഷന്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ നിയമസഭയില്‍ നല്‍കേണ്ട മറുപടി സര്‍വകലാശാലയില്‍ നിന്ന് അധികൃതര്‍ വാങ്ങിയിരുന്നു. നിയമപ്രകാരം ഗവര്‍ണറുടെ പ്രതിനിധികളെ നിര്‍ദേശിക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കുന്ന മറുപടിയാണ് സര്‍വകലാശാലയില്‍ നിന്ന് മന്ത്രിയുടെ ഓഫീസില്‍ കിട്ടിയത്. ഇത് വന്നതോടെ മറുപടി പറയുന്നത് ബുദ്ധിമുട്ടിലായി.

സര്‍വകലാശാല പട്ടിക നിര്‍ദേശിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ നിര്‍ദേശിച്ച പേരുകളെക്കുറിച്ച് രാജ്ഭവനില്‍ നിന്ന് എന്തെങ്കിലും അന്വേഷണം വന്നാല്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന പ്രശ്‌നമുയരും. പട്ടിക നല്‍കിയെന്ന് പറഞ്ഞാല്‍ സി.പി.എം നേതാവിനെയും മറ്റും വ്യവസായിയാക്കി അവതരിപ്പിച്ചതിന്റെ ആക്ഷേപം കേള്‍ക്കേണ്ടിവരും.

നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ ബയോഡാറ്റയും മറ്റും ഗവര്‍ണര്‍ക്ക് നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത പേരുകള്‍ ഗവര്‍ണര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതായി അറിയുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/