ലോട്ടറി: പിഴയീടാക്കാതെ കോടികള്‍ നഷ്ടം; ഉദ്യോഗസ്ഥന് സസെ്‌പന്‍ഷന്‍

Posted on: 30 Jul 2010



തിരുവനന്തപുരം: വിവാദ ലോട്ടറി ഇടപാടില്‍ പാലക്കാട് വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍ എ.എ. അബ്ദുള്ളയെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. പ്രതിപക്ഷം ഉന്നയിക്കാത്ത ക്രമക്കേടാണ് സര്‍ക്കാര്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

മുന്‍കൂര്‍ നികുതിയടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ലോട്ടറി വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് പലിശയ്ക്ക് പുറമേ പിഴകൂടി ഈടാക്കാത്തതിനാണ് നടപടി. നികുതിയടയ്ക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും ആയിരും രൂപയും മൊത്തം നികുതിയുടെ 10 മുതല്‍ 50 ശതമാനം വരെയുമാണ് പിഴ. നിരക്ക് തീരുമാനിക്കാന്‍ നിയമത്തില്‍ ഉദ്യോഗസ്ഥന് വിവേചനാധികാരം നല്‍കിയിട്ടുണ്ട്. അതിനാല്‍ എത്ര കോടിയാണ് ഈടാക്കേണ്ടിയിരുന്നതെന്ന് കണക്കാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
സാന്‍ഡിയാഗോ മാര്‍ട്ടിന്റെ ബന്ധുവായ ജോണ്‍ കെന്നഡിയുടെ ഏജന്‍സിയാണ് മേഘ. ഇവര്‍ക്ക് സിക്കിം ലോട്ടറിയുടെ രണ്ട് നറുക്കെടുപ്പിന് കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയതിലാണ് പ്രതിപക്ഷം 25 കോടിയുടെ അഴിമതി ആരോപിച്ചത്.
യഥാര്‍ഥ വിതരണക്കാര്‍ ആരൊക്കെയാണെന്ന് അറിയിക്കാന്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ക്ക് ഫാക്‌സ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

നറുക്കെടുപ്പിന് ഒരു മാസം മുന്‍പ് എജന്‍സി മുന്‍കൂര്‍ നികുതി നല്‍കിയിരിക്കണം. എന്നാല്‍ ഈ കേസ്സില്‍ ജൂലായ് മൂന്നിന് നികുതി സ്വീകരിച്ച് 17ന് നറുക്കെടുപ്പ് നടത്താന്‍ അനുവദിക്കുകയായിരുന്നു. ഈ ധൃതിക്ക് പിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നികുതി വൈകിയതിന് നിയമപ്രകാരം പലിശ വാങ്ങിയില്ലെന്നും ആരോപിച്ചു.

എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ നിയമപ്രകാരം പലിശ വാങ്ങിയിരുന്നു. ഇത് പേ ഓര്‍ഡര്‍ വഴി കമ്പനി ഒടുക്കിയിട്ടുണ്ടെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. പക്ഷേ, പലിശയ്‌ക്കൊപ്പം പിഴയും ഈടാക്കണം. ഇതില്‍ ഉദ്യോഗസ്ഥന്‍ വീഴ്ചവരുത്തിയതായി വാണിജ്യനികുതി വകുപ്പ് സെക്രട്ടറിയുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

ഇവര്‍ അംഗീകൃത ഏജന്റാണെന്ന് സിക്കിമും ഭൂട്ടാനും നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇടയ്ക്കിടക്ക് ഏജന്റുമാരെ ഈ സര്‍ക്കാരുകള്‍ മാറ്റാറുണ്ട്. അത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യും. എന്നാല്‍ ഇവരുടെ ഏജന്‍സിയുടെ അംഗീകാരത്തെപ്പറ്റി പ്രതിപക്ഷം സംശയമുന്നയിച്ച സ്ഥിതിയാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെ വിശദീകരണം വീണ്ടും ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികള്‍ ഒപ്പിട്ട നിവേദനം കേന്ദ്രത്തിന് നല്‍കിയിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ തങ്ങള്‍ ലോട്ടറികളെക്കുറിച്ച് ഉന്നയിച്ച വിമര്‍ശനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. യു.ഡി.എഫ്. ഭരിക്കുമ്പോള്‍ ലോട്ടറികള്‍ക്കുമേല്‍ നികുതി ചുമത്താനും പിരിക്കാനും സംസ്ഥാനത്തിന് അവകാശമുണ്ടായിരുന്നു. അതനുസരിച്ചാണ് 5000 കോടി കുടിശ്ശിക കണക്കാക്കിയത്. അത് അന്നുതന്നെ ഈടാക്കാമായിരുന്നു. എന്നാല്‍ ഇത്രയും തുക അവര്‍ക്ക് നല്‍കാന്‍ പറ്റുമോ എന്നാണ് അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന്‍ ചോദിച്ചത്. നികുതി കുടിശ്ശിക പരിച്ചെടുത്ത് ഇവയുടെ പ്രവര്‍ത്തനം തടയണമെന്നാണ് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷമാണ് ഇത് സംബന്ധിച്ച് സുപ്രിംകോടതി ഉത്തരവുണ്ടായത്. പുതിയ നികുതി ചുമത്താനോ, കുടിശ്ശിക ഈടാക്കാനോ പാടില്ലെന്നാണ് സുപ്രിംകോടതി വിധിച്ചത്. ഇതുകൊണ്ടാണ് കുടിശ്ശിക ഈടാക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.


Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/