വിവാദ ഇടയലേഖനം: സംസ്ഥാന തിര.കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
Posted on: 30 Jul 2010
തിരുവനന്തപുരം: കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സി (കെ.സി.ബി.സി.) ന്റെ വിവാദ ഇടയലേഖനം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ദൈവ വിശ്വാസികളല്ലാത്തവര്‍ക്കും അവര്‍ അവതരിപ്പിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും വോട്ട് നല്‍കരുതെന്ന് കെ.സി.ബി.സി. ഇടയലേഖനത്തിലൂടെ അഭ്യര്‍ഥിച്ചുവെന്ന പരാതി അന്വേഷിക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മൂന്നു പരാതികള്‍ ലഭിച്ചിരുന്നു. കെ.സി.ബി.സിയുടെ ഇടയലേഖനം വിശ്വാസികളെ സി.പി.എമ്മിന് വോട്ട്‌ചെയ്യുന്നതില്‍ നിന്നും വിലക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ ഇടവകകളിലാണ് വിവാദ ഇടയലേഖനം വായിച്ചതെന്ന പരാതിയിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.