ജലാശയങ്ങളുടെ നിയന്ത്രണത്തിന് സമിതി സംരക്ഷിത മത്സ്യസങ്കേതങ്ങള്‍ വരും
Posted on: 30 Jul 2010
തിരുവനന്തപുരം: പൊതുജലാശയങ്ങളുടെ നിയന്ത്രണത്തിന് ഫിഷറീസ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉള്‍നാടന്‍ ഫിഷറീസ് മാനേജ്‌മെന്റ് ഉപദേശകസമിതികള്‍ വരും. വേമ്പനാട്, അഷ്ടമുടിക്കായലുകളില്‍ മത്സ്യസമ്പത്തിന്റെ വളര്‍ച്ചയ്ക്ക് സംരക്ഷണം ആവശ്യമുള്ളിടത്ത് സംരക്ഷിത മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കാനും വ്യാഴാഴ്ച നിയമസഭ പാസാക്കിയ ഫിഷറീസ് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
വിവിധ വകുപ്പുകളിലെയും മത്സ്യമേഖലയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് സമിതി രൂപവത്കരിക്കുന്നത്. ജില്ലാതലത്തിലും അത്തരം സമിതികള്‍ ഉണ്ടാകുമെന്ന് മന്ത്രി എസ്. ശര്‍മ്മ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമിതിയുടെ നേതൃത്വത്തില്‍ മത്സ്യബന്ധന പരിപാലനപദ്ധതി തയ്യാറാക്കും. അതനുസരിച്ചാവും മത്സ്യസങ്കേതങ്ങള്‍ എവിടെ വേണമെന്ന് തീരുമാനിക്കുക. മത്സ്യവിത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സീഡ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനം ഉണ്ടാക്കും. അതിനായി മത്സ്യമേഖലയിലെ വിദഗ്ദ്ധരും ശാസ്ത്രജ്ഞരും അടങ്ങുന്ന ഫിഷ്‌സീഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മത്സ്യവിത്ത് കൈവശംവെയ്ക്കുന്നതും വിപണനം ചെയ്യുന്നതും കുറ്റകരമാകുമെന്നതിനാല്‍ ഈ രംഗത്തെ വ്യാജന്മാരുടെ കടന്നുകയറ്റം ഇല്ലാതാക്കാനാകും.
നിലവിലുള്ള വ്യവസ്ഥകള്‍ പരിമിതമായതിനാലാണ് സംസ്ഥാനത്ത് മത്സ്യമേഖലയില്‍ ഏകീകൃതനിയമം കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശം പൂര്‍ണമായി സംരക്ഷിക്കുന്നതിന് നിയമം ലക്ഷ്യമിടുന്നു.
പൊതുജലാശയങ്ങളിലെ മത്സ്യബന്ധനം വിഭവ ശേഷിയുമായി ബന്ധപ്പെടുത്തി ക്രമീകരിക്കുകയും മത്സ്യ ബന്ധനയാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും വ്യവസ്ഥകളുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍, റവന്യൂ, ജലവിഭവ വകുപ്പ്, മലിനീകരണ നിയന്ത്രണബോര്‍ഡ് തുടങ്ങിയവയെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നിയമം ലക്ഷ്യംവെയ്ക്കുന്നു. നിയമം വരുന്നതോടെ ഉള്‍നാടന്‍ മേഖലയിലെ ഉത്പാദനം ഇപ്പോഴത്തെ 1.26 ലക്ഷം ടണ്ണില്‍നിന്ന് രണ്ടുലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
മത്സ്യസമ്പത്തിന്റെ ഉടമസ്ഥാവകാശവും പ്രാഥമിക വിപണനാവകാശവും വ്യവസ്ഥചെയ്യുന്ന പുതിയ ബില്‍ ഉടന്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. തണ്ണീര്‍ത്തടം സംരക്ഷിക്കുന്നതിനുള്ള കേന്ദ്രനിയമം പരിസ്ഥിതി സംരക്ഷണത്തില്‍ സംസ്ഥാനത്തിന്റെ അവകാശത്തിലുള്ള കടന്നുകയറ്റമാണ്. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പിനുള്ള എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.