തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഒന്നാംഘട്ടം പ്രവര്‍ത്തനങ്ങള്‍ക്കായി 450 കോടി രൂപയുടെ കര്‍മപദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എം. വിജയകുമാര്‍ നിയമസഭയില്‍ കെ. ബി. ഗണേഷ്‌കുമാര്‍, കെ. കെ. ഷാജു എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അറിയിച്ചു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആഗസ്ത് 11 ന് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കഞ്ചിക്കോട് ഇന്‍സ്ട്രുമെന്‍േറഷന്‍ സ്വതന്ത്ര യൂണിറ്റാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി എളമരം കരീമിനുവേണ്ടി മന്ത്രി എം. വിജയകുമാര്‍ നിയമസഭയെ അറിയിച്ചു. കാസര്‍കോട് സീതംകുടിയില്‍ കെ. ഇ. എല്‍, ബി. എച്ച്. ഇ. എല്‍. എന്നിവയുടെ സംയുക്തസംരംഭം ആരംഭിക്കുമെന്ന് മന്ത്രി വിജയകുമാര്‍ എം. ചന്ദ്രന്‍, ബാബു എം. പാലിശ്ശേരി, കെ. കെ. ജയചന്ദ്രന്‍, കെ. വി. കുഞ്ഞിരാമന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അറിയിച്ചു. അങ്കമാലി ടെല്‍ക്ക്, എന്‍. ടി. പി. സി. എന്നിവയുടെ സംയുക്ത സംരംഭത്തില്‍ 188 കോടി രൂപയുടെ വികസനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്‌റോ സ്‌പേസിന്റെ വികസനത്തിന് ഭൂമി ലഭ്യമാക്കാന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ നദികളിലൂടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം ശേഖരിക്കുന്നതിന് 23 ചെക്ക് ഡാമുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍, കെ. ശിവദാസന്‍ നായര്‍, കെ. ബാബു, സി. പി. മുഹമ്മദ്, ജോര്‍ജ് മെഴ്‌സിയര്‍ എന്നിവരെ അറിയിച്ചു.
ഈ സര്‍ക്കാര്‍ വന്നശേഷം 1189 ഉദ്യോഗസ്ഥര്‍ക്കെതിരെ 579 വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കെ. എം. മാണിയെ അറിയിച്ചു.
95 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒരുകേസ്സിലും വിധി പറഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കിയ 22 കേസ്സില്‍ കുറ്റപത്രം ഫയല്‍ ചെയ്യാനുണ്ടെന്നും മന്ത്രി അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംസ്ഥാന പ്രകൃതിക്ഷോഭ ദുരിതാശ്വാസനിധിയിലേക്ക് 2007 - 08-ല്‍ 70.70 കോടിയും 2008 - 09-ല്‍ 74.23 കോടിയും 2009 - 10 -ല്‍ 77.93 കോടി രൂപയും കേന്ദ്ര വിഹിതമായി ലഭിച്ചുവെന്ന് മന്ത്രി കെ. പി. രാജേന്ദ്രന്‍ എം. വി. ശ്രേയാംസ്‌കുമാറിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.
കൂടാതെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ കലാമിറ്റി കണ്ടിന്‍ജന്‍സി ഫണ്ടില്‍ നിന്നും 60.29 കോടിയും ലഭിച്ചതായി മന്ത്രി അറിയിച്ചു. പ്രകൃതിക്ഷോഭ ദുരിതാശ്വാസനിധിയുടെ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണെന്നും മന്ത്രി അറിയിച്ചു.