
കൊച്ചി: എം.വി. ജയരാജന് എതിരായ കോടതി അലക്ഷ്യക്കേസില്‍ നിയമപ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വിശദമായ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.
ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വറും ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കോടതി അലക്ഷ്യ കേസ് എടുക്കുന്നതിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് നിയമപ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ അനുമതി ആവശ്യമാണ്. കോടതിക്ക് സ്വമേധയാ നടപടി എടുക്കണമെങ്കില്‍ എല്ലാ ജഡ്ജിമാരും ഉള്‍പ്പെട്ട യോഗം തീരുമാനിക്കണമെന്ന് ഹൈക്കോടതിയുടെ ഫുള്‍ബഞ്ച് വിധി നേരത്തെയുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായ വിധികളുമുണ്ട്. അതിനാലാണ് ഈ വിഷയത്തിലെ നിയമപ്രശ്‌നങ്ങളില്‍ വിശദമായ വാദം ആവശ്യമായിട്ടുള്ളതെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഡിവിഷന്‍ ബഞ്ച് അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കി.
കണ്ണൂരില്‍ വച്ച് എം.വി. ജയരാജന്‍ ന്യായാധിപന്മാരെ അധിക്ഷേപിച്ച് സംസാരിച്ചതിനെ മുന്‍നിര്‍ത്തി കോടതി അലക്ഷ്യ നടപടി വേണമെന്നാണ് അഡ്വ. സി.ഐ. എഡിസണ്‍ ആവശ്യപ്പെട്ടത്.
ജയരാജന് എതിരെ കോടതി അലക്ഷ്യ നടപടി സ്വമേധയാ ഹൈക്കോടതി എടുക്കണമെന്ന് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ യോഗം പ്രമേയത്തിലൂടെ ബുധനാഴ്ച ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. വി.വി. സിദ്ധാര്‍ഥന്‍ ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി അഡ്വ. വിജു എബ്രഹാം പ്രമേയം അവതരിപ്പിച്ചു. ജഡ്ജിമാര്‍ക്ക് എതിരെ ജയരാജന്‍ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളെ അസോസിയേഷന്‍ യോഗം ശക്തമായി അപലപിച്ചു.