ആന്‍ഡേഴ്‌സനെ വിട്ടത് രാജീവിന്റെ നിര്‍ദേശപ്രകാരമെന്ന് സി.ഐ.എ. രേഖ

Posted on: 12 Jun 2010



ന്യൂഡല്‍ഹി: യൂണിയന്‍ കാര്‍ബൈഡ് മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടയയ്ക്കാന്‍ നിര്‍ദേശിച്ചത് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണെന്ന് സൂചന. ഇതുസംബന്ധിച്ച സി.ഐ.എ. രേഖകള്‍ സി.എന്‍.എന്‍.-ഐ.ബി.എന്‍. പുറത്തുവിട്ടു. 1984 ഡിസംബര്‍ ഏഴിന് അറസ്റ്റിലായ ആന്‍ഡേഴ്‌സനെ മോചിപ്പിച്ചത് കേന്ദ്രം മധ്യപ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണെന്ന്, ആന്‍ഡേഴ്‌സനെ വിട്ടതിന്റെ പിറ്റേന്ന് തയ്യാറാക്കിയതും അടുത്തയിടെ പരസ്യപ്പെടുത്തിയതുമായ രേഖകളില്‍ നിന്നു വ്യക്തമാകുന്നു. നിര്‍ദേശത്തിനു പിന്നില്‍ രാജീവാണെന്ന് ദുരന്തസമയത്ത് മധ്യപ്രദേശ് കൃഷി സെക്രട്ടറിയായിരുന്ന ആര്‍.സി. ജയിനും വ്യക്തമാക്കി. അതേസമയം, ഈ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും രാഷ്ട്രീയക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി, യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് നഷ്ടപരിഹാരത്തിന് ശ്രമിക്കുകയാണെന്നും സി.ഐ.എ. രേഖയില്‍ പറയുന്നു. രഹസ്യപ്പട്ടികയില്‍ നിന്നു നീക്കിയ രേഖ ചാനലിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. വാതക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുതായി വരുന്ന സര്‍ക്കാറുകള്‍ ബഹുരാഷ്ട്ര കുത്തകകളുമായി, പ്രത്യേകിച്ച് അമേരിക്കന്‍ കമ്പനികളുമായി സഹകരിക്കാന്‍ മടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതിയിരുന്നതായും സി.ഐ.എ. രേഖയില്‍ പറയുന്നു.

കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശത്തിലേക്കാണ് ദുരന്തം നേരിടുന്നതിന് രൂപവത്കരിച്ച സമിതിയിലെ അംഗം കൂടിയായ ആര്‍.സി. ജെയിന്‍ വിരല്‍ചൂണ്ടുന്നത്. ആന്‍ഡേഴ്‌സനെ മോചിപ്പിക്കാന്‍ പറഞ്ഞത് മുഖ്യമന്ത്രിയായിരുന്നുവെങ്കിലും നിര്‍ദേശം കേന്ദ്രത്തിന്റെതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ സര്‍ക്കാറിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് നിര്‍ദേശത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജീവ് ഗാന്ധിയെത്തിയ ദിവസമായിരുന്നു. അര്‍ജുന്‍ സിങ്ങും ആ ചടങ്ങില്‍ രാജീവിനൊപ്പമുണ്ടായിരുന്നു. ദുരന്തത്തെത്തുടര്‍ന്നു നടന്ന ഒരു യോഗത്തിനിടയിലാണ് ആന്‍ഡേഴ്‌സനെ അറസ്റ്റുചെയ്ത വവരം ജില്ലാ മജിസ്‌ട്രേട്ട് മോത്തി സിങ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അര്‍ജുന്‍ വിളിച്ചു ആന്‍ഡേഴ്‌സനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് ആര്‍. സി. ജെയിന്‍ ഓര്‍ക്കുന്നു. അതു ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചീഫ് സെക്രട്ടറി ബ്രഹ്മദത്ത് പറഞ്ഞു. എന്നാല്‍ മോചിപ്പക്കുന്നതിന് ഒരു വഴി കണ്ടേപറ്റൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രാജീവിന് നടപടിയെടുത്തത് സംബന്ധിച്ച റിപ്പോര്‍ട്ടു നല്‍കണമെന്നും സിങ് പറഞ്ഞതായി ജെയിന്‍ ഓര്‍ക്കുന്നു. തുടര്‍ന്നാണ്, ആന്‍ഡേഴ്‌സനെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. പിറ്റേന്ന് അര്‍ജുന്‍ സിങ്ങിനെ കണ്ട മറ്റൊരു സെക്രട്ടറിയോട്, അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ അഭ്യര്‍ഥനയാണ് ആന്‍ഡേഴ്‌സന്റെ മോചനത്തിന് പിറകിലെന്ന് അദ്ദേഹം വെളിപ്പെടുത്തിയതായി ജെയിന്‍ ഓര്‍മിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വിമാനം വിട്ടുകൊടുക്കാനും നിര്‍ദേശിച്ചത് അര്‍ജുന്‍ സിങ്ങാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ സംഭവത്തില്‍ രാജീവിനോ, അന്നത്തെ കേന്ദ്ര സര്‍ക്കാറിനോ പങ്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.

''ആന്‍ഡേഴ്‌സന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുരന്തത്തെക്കുറിച്ചന്വേഷിക്കുന്ന മന്ത്രിതലത്തില്‍ അന്വേഷിക്കും. എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരും. കോണ്‍ഗ്രസ്സിന് ഒന്നും ഒളിക്കാനില്ല'' - ജയന്തി നാടരാജന്‍ പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/