വയനാട് കൈയേറ്റം ഒഴിപ്പിക്കല്‍: കേരളം അപ്പീല്‍ നല്‍കും

Posted on: 09 Jun 2010


പ്രത്യേക ലേഖകന്‍



ന്യൂഡല്‍ഹി: വയനാട്ടിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കൈയേറ്റങ്ങള്‍ 18ന്മുമ്പ് ഒഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ചോദ്യം ചെയ്ത് ഉടനെ ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ആദിവാസികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി തീരാനിരിക്കെ, ഹര്‍ജി വേഗം പരിഗണിക്കണമെന്ന് കാണിച്ച് പ്രത്യേക അപേക്ഷയും സര്‍ക്കാര്‍ നല്‍കും. തിങ്കളാഴ്ച കൊച്ചിയില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വയനാട്ടില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ., ജനതാദള്‍ നേതാവ് ജോര്‍ജ് പോത്തന്‍, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് എന്നിവരുടെ ഭൂമിയിലാണ് സി.പി.എം. അനുകൂല ആദിവാസി സംഘടന കൈയേറി കുടില്‍ കെട്ടിയത്. പിന്നീട് കെ.എസ്.കെ.ടി.യു.വിന്റെ നേതൃത്വത്തില്‍ അഞ്ചിടങ്ങളിലും കൈയേറ്റമുണ്ടായി. ഒരു മാസത്തിനകം കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് കെ.എം. ജോസഫും ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന് ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മാസം 18-നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ആദിവാസി ഭൂസമര സമിതിയും സി.പി.എമ്മും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/