പണം വാങ്ങി കലാപം: മുത്തലിക് ഒളിക്യാമറയില്‍ കുടുങ്ങി

Posted on: 15 May 2010



ബാംഗ്ലൂര്‍: വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രീരാമസേനാ ദേശീയ പ്രസിഡന്റ് പ്രമോദ് മുത്താലിക് പണംവാങ്ങി കരാറുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ടി.വി. ചാനല്‍ പുറത്തുവിട്ടു. ബാംഗ്ലൂരിലെ ശിവാജിനഗറില്‍ ചിത്രപ്രദര്‍ശനത്തിനുനേരെ ആക്രമണം നടത്തി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ 70 ലക്ഷം രൂപയുടെ കരാര്‍ ഉറപ്പിക്കുന്ന രംഗങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. തെഹല്‍കയും ഹെഡ്‌ലൈന്‍ ടുഡേയും സംയുക്തമായി ശേഖരിച്ച ഒളിക്യാമറ രംഗങ്ങളാണിവ.

സ്വകാര്യ ടി.വി. ചാനലിനെതിരെ പ്രമോദ് മുത്താലിക് ബല്‍ഗാം ക്യാമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്റെ ജനസ്വാധീനം തകര്‍ക്കാനുള്ള ശ്രമമാണ് ഇത്തരം പ്രവര്‍ത്തനമെന്നും നിയമപരമായി നേരിടുമെന്നും മുത്താലിക് ബെല്‍ഗാമില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ മുത്താലിക്കിനെതിരെ നിയമനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.

ശ്രീരാമസേന ദേശീയ പ്രസിഡന്റ് മുത്താലിക് ബാംഗ്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് വസന്തകുമാര്‍ ഭവാനി, സംസ്ഥാന കണ്‍വീനറും ഉഡുപ്പി യൂണിറ്റ് പ്രസിഡന്റുമായ ജിതീഷ്‌കുമാര്‍, ദേശീയ വൈസ് പ്രസിഡന്റ് പ്രസാദ് അത്താവര്‍ എന്നിവരെല്ലാം കലാപക്കരാറില്‍ പങ്കാളികളായിട്ടുണ്ട്. ഘട്ടംഘട്ടമായാണ് ഇവരുടെ പങ്കാളിത്തം ക്യാമറയില്‍ പകര്‍ത്തിയത്.

ഇരുസമുദായങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ശിവാജിനഗറില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുമ്പോള്‍ അക്രമം നടത്തി വന്‍ കലാപമായി മാറ്റണമെന്ന ആവശ്യവുമായാണ് തെഹല്‍ക പ്രതിനിധി ശ്രീരാമസേന നേതാവ് മുത്താലികിനെ കാണുന്നത്. ഇതിന് മുന്‍കൂറായി 10,000 രൂപ വാങ്ങിയ മുത്താലിക് തനിക്ക് നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചാണ് മറ്റു നേതാക്കളെ കാണാന്‍ നിര്‍ദേശിക്കുന്നത്. മറ്റു നേതാക്കളുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ 70 ലക്ഷം രൂപയ്ക്ക് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള ബാംഗ്ലൂരിലെയും മംഗലാപുരത്തെയും കേന്ദ്രങ്ങളില്‍ കലാപം നടത്താന്‍ മുത്താലിക് സമ്മതിക്കുന്നതുമാണ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത്.

നടുക്കുന്ന വെളിപ്പെടുത്തലുമായി വീഡിയോദൃശ്യം


ബാംഗ്ലൂര്‍:പണംവാങ്ങി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രീരാമസേനാനേതാക്കള്‍ ധാരണയുണ്ടാക്കുന്ന ദൃശ്യങ്ങളില്‍ ചില നേതാക്കള്‍ കൊലപാതകക്കുറ്റങ്ങളും ഏറ്റുപറയുന്നുണ്ട്. തെഹല്‍ക്ക പ്രതിനിധി പുഷ്പശര്‍മയുടെ ചോദ്യത്തിന് ശ്രീരാമസേന ഉഡുപ്പി പ്രസിഡന്റ് ജിതേഷിന്റെ മറുപടിയില്‍ കാസര്‍കോട് കലാപത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് വ്യക്തമാക്കുന്നു. കാസര്‍കോട് കലാപമുണ്ടാക്കുന്നതിന് പ്രധാന പങ്ക് തനിക്കാണെന്നും ഒരാളെ കൊന്ന് മൃതദേഹം ദൂരെ ഒളിപ്പിച്ചത് താനാണെന്നും ജിതേഷ് വെളിപ്പെടുത്തുന്നു. കലാപക്കേസില്‍ അറസ്റ്റിലായ സേന ദേശീയനേതാവ് പ്രസാദ് അത്തവാറിനെ കനത്ത സുരക്ഷയുള്ള ബെല്ലാരിയിലെ ജയിലില്‍ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കുന്നതും വ്യക്തമാണ്. വന്‍ കലാപം നടത്താം, ദേശീയമാധ്യമങ്ങളില്‍ വാര്‍ത്ത വരണമെന്നാണ് തെല്‍ഹക പ്രതിനിധികളോട് അത്താവര്‍ വ്യക്തമാക്കുന്നത് കലാപം നടത്താന്‍ പോലീസിന്റെ സഹകരണമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നുണ്ട്.

പ്രശസ്തിക്കുവേണ്ടിയാണ് ചിത്രപ്രദര്‍ശനത്തിനു നേരെ കലാപം നടത്താന്‍ ആവശ്യപ്പെടുന്നതെന്ന് തെഹല്‍ക പ്രതിനിധികള്‍ അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കും അത് വേണമെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. കൂടാതെ ജയില്‍ അധികൃതര്‍ക്ക് 2500 രൂപ നല്‍കിയാണ് ജയിലില്‍ പ്രത്യേക മുറിയില്‍ അത്താവറുമായി ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയതെന്നും ചാനല്‍ വെളിപ്പെടുത്തുന്നു. മൊബൈല്‍ഫോണും ഇദ്ദേഹത്തിന് അനുവദിച്ചതായി പറയുന്നു. ഇരുസമുദായങ്ങളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ശിവാജിനഗറെങ്കിലും പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് അക്രമം നടത്തിയാല്‍ മാധ്യമശ്രദ്ധ ലഭിക്കില്ലെന്നും നേതാക്കള്‍ ഉപദേശിക്കുന്നുണ്ട്.

ശ്രീരാമസേനയുമായുള്ള ധാരണ ടി.വി.ചാനലില്‍ വന്നതോടെ മുഖ്യമന്ത്രി യെദ്യൂരപ്പ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. മുന്‍മന്ത്രി ഹരത്താല്‍ ഹാലപ്പയുടെ ലൈംഗിക വീഡിയോദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഉയര്‍ന്ന വിവാദം അടങ്ങുന്നതിനു മുമ്പേയാണ് വിണ്ടും വിവാദം ഉയര്‍ന്നിരിക്കുന്നത്. ശ്രീരാമസേനയുമായി യാതൊരു ബന്ധവും ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രതിപക്ഷകക്ഷികള്‍ മുഖ്യമന്ത്രിക്കു നേരെയാണ് വിരല്‍ചൂണ്ടുന്നത്.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/