
തിരുവനന്തപുരം: നായര്‍ സമുദായത്തിനെ അവഹേളിക്കുന്നതരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഉടമ സൈബര്‍ പോലീസിന്റെ പിടിയിലായി. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
www.vichitrakeralam.blogspot.com എന്ന ബ്ലോഗ് നടത്തുന്ന ചേര്‍ത്തല തുറവൂര്‍ സ്വദേശി ഷൈന്‍.കെ.വി.യാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച് നിരവധി പോസ്റ്റുകള്‍ (ബ്ലോഗിലെ ലേഖനങ്ങള്‍) ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് ഈ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 'ദശകങ്ങള്‍ നീണ്ട ജീവിതത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെട്ടിത്തുറന്ന് എഴുതുകയാണ് ഇവിടെ......നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും മറുപടി പറയാനും എനിക്ക് താല്പര്യമില്ല. അതിനാല്‍ ആരും അഭിപ്രായം പറയാന്‍ ഇങ്ങോട്ട് വരേണ്ടതില്ല....' എന്നാണ് ബ്ലോഗിന്റെ മുഖവാക്യം.
നായര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ കഴിഞ്ഞമാസം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഡി.ജി.പി പരാതി ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍, ചേര്‍ത്തലയില്‍ നിന്നാണ് ഈ ബ്ലോഗിലേക്ക് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലായി. തുടര്‍ന്ന് ബ്ലോഗ് ഉടമയെ കണ്ടെത്തുകയും സൈബര്‍ പോലീസ്‌സ്റ്റേഷന് കൈമാറുകയും ചെയ്തു. ഈ ബ്ലോഗിലെ വിവാദലേഖനങ്ങളിലേക്കുള്ള പൊതുലിങ്ക് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേക ബ്ലോഗ്ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ക്ക് ഇപ്പോഴും ഇത് കാണാം. വെബ്‌സൈറ്റ് സൗകര്യം ദുരുപയോഗം ചെയ്തതിന് ഇന്ത്യന്‍ ഐ.ടി.നിയമ പ്രകാരവും വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ഐ.പി.സി 153 എ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.