യാത്രക്കാരിയുടെ കരണത്തടിച്ച കണ്ടക്ടര്‍ 11 ദിവസത്തിനു ശേഷം അറസ്റ്റില്‍

Posted on: 28 Apr 2010



കൊച്ചി: ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ച വീട്ടമ്മയുടെ കരണത്തടിച്ച കേസില്‍, ഒളിവിലായിരുന്ന സ്വകാര്യ ബസ് കണ്ടക്ടറെ 11 ദിവസത്തിനു ശേഷം പോലീസ് അറസ്റ്റുചെയ്തു.

കാക്കനാട്-ചോറ്റാനിക്കര റൂട്ടിലോടുന്ന 'ഷൈന്‍ ഡീലക്‌സ്' എന്ന ബസ്സിലെ കണ്ടക്ടറായിരുന്ന ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ഫിറോസ് എം. യൂസഫിനെയാണ് സെന്‍ട്രല്‍ എസ്.ഐ. ഷിജുവും സംഘവും പിടികൂടിയത്.

സംഭവം വിവാദമായതോടെ എറണാകുളത്തുനിന്ന് മുങ്ങിയ ഫിറോസ് പെരിന്തല്‍മണ്ണ, കോതമംഗലം, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ തങ്ങിയശേഷം, എറണാകുളത്ത് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്. ഫോര്‍ഷോര്‍ റോഡിലുള്ള ഒരു ചായക്കടയില്‍ വെച്ചാണിയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ 16-നാണ് യാത്രക്കാരിയുടെ കരണത്തടിച്ച സംഭവമുണ്ടായത്. ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന്, ആസാദ് റോഡ് കൊടിപാട്ടില്‍ വീട്ടില്‍ അംബികയെയാണ് രണ്ട് പെണ്‍മക്കള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും മുന്നില്‍വെച്ച് ഫിറോസ് കരണത്തടിച്ചത്. മക്കളുമൊത്ത് ചിറ്റൂര്‍ ധ്യാന കേന്ദ്രത്തില്‍ പോകാനായാണ് അംബിക 'മാതൃഭൂമി' സ്റ്റോപ്പില്‍ നിന്ന് ഈ ബസ്സില്‍ കയറിയത്. 15 രൂപ കൊടുത്ത ശേഷം കച്ചേരിപ്പടിയിലേക്ക് മൂന്ന് ടിക്കറ്റ് എടുത്തു. ബാക്കി ഒന്നര രൂപ ചില്ലറയില്ലെന്നും ഇറങ്ങുമ്പോള്‍ തരാമെന്നും ഫിറോസ് പറഞ്ഞു. നോര്‍ത്ത് പാലം കഴിഞ്ഞപ്പോള്‍ അംബിക ബാക്കി തുക വീണ്ടും ചോദിച്ചു. ഇതോടെയാണ് ഫിറോസ് അനാവശ്യമായി അസഭ്യം പറയുകയും കരണത്തടിക്കുകയും ചെയ്തത്. ബസ്സിലെ യാത്രക്കാരിയായ ഒരു വക്കീല്‍ ഇടപെട്ടതിനെ തുടര്‍ന്ന് സംഭവം പോലീസ് അറിഞ്ഞു. എന്നാല്‍ പോലീസ് എത്തും മുമ്പേ ഫിറോസ് ബസ്സില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫിറോസിനെ തേടി സെന്‍ട്രല്‍ എസ്.ഐ. ഗോപാലകൃഷ്ണനും സംഘവും ഇടുക്കി വെള്ളത്തൂവല്‍ വരെ ചെന്നെങ്കിലും അവിടെ നിന്ന് കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ട് യാത്രക്കാരിയുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.കെ. സ്റ്റീഫന്‍, ഫിറോസിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിരുന്നു.

ഫിറോസിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/