ചെവിയന്‍ രാച്ചുക്ക് ഏറെക്കാലത്തിനുശേഷം ക്യാമറയ്ക്ക് മുന്നില്‍

Posted on: 07 Oct 2013
വിതുര: ജീവിതകാലത്ത് കണ്ടിരിക്കേണ്ട 50 പക്ഷികളുടെ പട്ടികയില്‍ അഞ്ചാമനായ ചെവിയന്‍ രാച്ചുക്ക് (ഗ്രേറ്റ് ഇയേഡ് നൈറ്റ് ജാര്‍) ഏറെക്കാലത്തിനുശേഷം ക്യാമറയ്ക്ക് പിടികൊടുത്തു. ഇലയനക്കം കേട്ടാല്‍പ്പോലും പറന്നുമറയുന്ന ഈ പക്ഷിയെ ഇന്ത്യയിലെ അറിയപ്പെടുന്ന പക്ഷിനിരീക്ഷകന്‍ ബിക്രം ഗ്രേവാളാണ് അപൂര്‍വ കിളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തിരുവനന്തപുരം -കൊല്ലം അതിര്‍ത്തിയിലെ അരിപ്പ വനത്തില്‍ ഒന്നരമാസത്തോളം പിന്തുടര്‍ന്ന് രണ്ട് യുവാക്കളാണ് പക്ഷികളുടെ ചിത്രമെടുത്തത്. ഇ.എസ്.ഐ. ഉദ്യോഗസ്ഥന്‍ പി.ബി. ബിജുവും വന്യജീവി ഫോട്ടോഗ്രാഫര്‍ വിതുര ആനപ്പെട്ടി സ്വദേശി തോംസണ്‍ സാബുരാജും ചിത്രം പകര്‍ത്തുമ്പോള്‍ വിവിധ ജില്ലകളില്‍ നിന്നുള്ള പക്ഷി നിരീക്ഷകരുടെയും പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരുടെയും സഹായവും ഇതിനുണ്ടായിരുന്നു.

ചിത്രം പകര്‍ത്തിയ ഇവര്‍ക്കൊപ്പം വെറ്ററിനറി ഡോക്ടര്‍ അഭിലാഷ് അര്‍ജുന്‍, ഗണേഷ് മോഹന്‍, ഹരി മാവേലിക്കര, ഐ.എ.എസുകാരനായ അഭിരാം ശങ്കര്‍, കെ. ശിവപ്രസാദ് തുടങ്ങി വലിയൊരു സംഘം അരിപ്പ വനത്തില്‍ നിരീക്ഷണം നടത്തി വരികയായിരുന്നു. മാക്കാച്ചിക്കാട (ശ്രീലങ്കന്‍ ഫ്രോഗ് മൗത്ത്) എന്ന പക്ഷിക്കായുള്ള അന്വേഷണത്തിനിടയിലാണ് ചെവിയന്‍ രാച്ചുക്ക് പറന്നുമറയുന്നത് കണ്ടത്. പിന്നീട് ഊണും ഉറക്കവുമില്ലാതെ രാച്ചുക്കുകളെ പിന്തുടര്‍ന്ന് പഠിച്ചു. ഒടുവില്‍ ഒന്നരമാസത്തിനുശേഷം വനമിറങ്ങിയപ്പോള്‍ ചെവിയന്‍ രാച്ചുക്ക് മാത്രമല്ല, മാക്കാച്ചിക്കാടയും മൂങ്ങ വര്‍ഗത്തിലെ ശ്രീലങ്കന്‍ ബേ ഓളും ക്യാമറയില്‍ കൂടെയുണ്ടായിരുന്നു.

2000 നു മുമ്പെടുത്ത ചെവിയന്‍ രാച്ചുക്കിന്റെ ചിത്രങ്ങളാണ് ഇതുവരെ പഠനത്തിന് ഉപയോഗിച്ചിരുന്നതെന്ന് ഡബ്ല്യു.ഡബ്ല്യു.എഫിലെ സീനിയര്‍ എജ്യുക്കേഷന്‍ ഓഫീസര്‍ എ.കെ. ശിവകുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ലജ്ജാലുവായ പക്ഷിയായതിനാല്‍ അധികം ഗവേഷണങ്ങള്‍ നടത്താനായിട്ടില്ല. സന്ധ്യ മയങ്ങിയതിനുശേഷം മാത്രം ഇര തേടാനിറങ്ങുന്ന പക്ഷിയുടെ പകല്‍ചിത്രം അപൂര്‍വമാണെന്നും എ.കെ. ശിവകുമാര്‍ പറയുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/