ഫ്‌ളാറ്റ്‌നിര്‍മാണം: ഭൂമി കുഴിക്കാന്‍ അയല്‍ക്കാരന്റെ സമ്മതപത്രം വേണ്ട

Posted on: 22 Mar 2010



തിരുവനന്തപുരം: ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മാണത്തിനുള്ള ചട്ടങ്ങളില്‍ സര്‍ക്കാര്‍ വീണ്ടും ഭേദഗതി വരുത്തുന്നു. 2009 ഡിസംബറില്‍ നിലവില്‍വന്ന ഭേദഗതികളെച്ചൊല്ലി നിര്‍മാതാക്കളില്‍ നിന്നുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്നാണ് വീണ്ടും മാറ്റം വരുത്താന്‍ തീരുമാനിച്ചത്.കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ഭൂമി കുഴിക്കാനായി അയല്‍ക്കാരന്റെ സമ്മതപത്രം വേണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തീരുമാനമായി. പകരം അയല്‍ക്കാരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സമിതി രൂപവത്കരിക്കും. ഭൂമി കുഴിക്കാനും കെട്ടിടം നിര്‍മിക്കാനും രണ്ട് പെര്‍മിറ്റുകള്‍ വേണ്ടിവരും. നാലുനിലയില്‍ കൂടുതലുള്ള കെട്ടിടം നിര്‍മിക്കാന്‍ സമീപ റോഡിന് ഏഴുമീറ്റര്‍ വീതി വേണമെന്നത് ആറുമീറ്ററായി കുറയ്ക്കാനും തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പുതിയ തീരുമാനങ്ങള്‍ക്കനുസരിച്ച് ചട്ടത്തില്‍ മാറ്റം വരുത്തി നിയമവകുപ്പിന്റെ അംഗീകാരത്തോടെ വൈകാതെ പ്രാബല്യത്തില്‍ വരുത്തും.

നിര്‍മിക്കുന്ന കെട്ടിടവും അയല്‍ക്കാരന്റെ വസ്തുവിന്റെ അതിര്‍ത്തിയും തമ്മിലുള്ള ദൂരത്തെക്കാള്‍ കൂടുതല്‍ ആഴത്തില്‍ കുഴിക്കേണ്ടിവന്നാല്‍ അയല്‍ക്കാരന്റെ സമ്മതപത്രം വേണമെന്നാണ് ഏറ്റവും ഒടുവിലത്തെ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിരുന്നത്. കെട്ടിട നിര്‍മാണമേഖല ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. മാത്രമല്ല കിണര്‍ നിര്‍മിക്കാനും സെപ്ടിക് ടാങ്ക് നിര്‍മിക്കാനും വരെ അയല്‍ക്കാരന്റെ അനുമതി വേണമെന്ന പ്രചാരണവും ഉണ്ടായി. ഇതുള്‍പ്പെടെ കെട്ടിട നിര്‍മാതാക്കള്‍ ഉന്നയിച്ച പരാതികളെപ്പറ്റി സര്‍ക്കാര്‍ ഈ മേഖലയിലെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ഇനി വരാന്‍പോകുന്ന ഭേദഗതി അനുസരിച്ച് ഭൂമി കുഴിക്കാനും സംരക്ഷണഭിത്തി കെട്ടാനുമൊക്കെയായി ആദ്യം പ്രത്യേക പെര്‍മിറ്റ് എടുക്കണം. ഈ പെര്‍മിറ്റ് നല്‍കുന്ന കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അയല്‍ വാസികളെ അറിയിക്കും. ഈ പ്രദേശത്ത് ഭൂമി കുഴിച്ചാല്‍ ഇടിഞ്ഞുവീഴില്ലെന്നും അയല്‍വാസികളുടെ കെട്ടിടങ്ങള്‍ക്ക് ദോഷമുണ്ടാകില്ലെന്നും തെളിയിക്കാന്‍ എന്‍ജിനിയറുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഭൂമി കുഴിക്കുന്ന പ്രവൃത്തി അയല്‍ക്കാരുടെ പരാതിയില്ലാതെ പൂര്‍ത്തിയാക്കിയാലേ പിന്നീട് കെട്ടിടം നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കൂ. അയല്‍ക്കാരന്റെ പരാതി ഉണ്ടായാല്‍ അതേക്കുറിച്ച് അന്വേഷിക്കാനും നഷ്ടപരിഹാരം തീരുമാനിക്കാനുമായി പ്രത്യേക സമിതി രൂപവത്കരിക്കും. നാലുനിലയില്‍ കൂടുതല്‍ നിര്‍മിക്കാന്‍ റോഡിന് ഏഴുമീറ്റര്‍ വീതി വേണമെന്ന നിര്‍ദേശവും നിര്‍മാണമേഖല എതിര്‍ത്തിരുന്നു. കേരളത്തില്‍ റോഡിന് ഏഴുമീറ്റര്‍ വീതി അപൂര്‍വമായതിനാല്‍ നിര്‍മാണം നിലയ്ക്കുമെന്നായിരുന്നു പരാതി. ഇത് ആറുമീറ്ററായി കുറച്ചിട്ടുണ്ട്.
പാര്‍ക്കിങ് സംബന്ധിച്ച ചട്ടങ്ങളിലും ഇളവുകള്‍ വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.



Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/