എന്റെ ടീം, എന്റെ സ്വപ്നം ശ്രീശാന്ത്‌

Posted on: 22 Mar 2010



ഇതൊരു വലിയ സ്വപ്നമായിരുന്നു. നമ്മുടെ നാട്ടില്‍, എന്റെ സ്വന്തം കൊച്ചിയില്‍ ഒരു ഐ.പി.എല്‍. ടീമുണ്ടാവുക! സത്യത്തില്‍ എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. നേരത്തേതന്നെ കേട്ടിരുന്നു, പ്രിയദര്‍ശന്‍ സാറും ലാലേട്ടനും ചേര്‍ന്ന് ഒരു ടീമിനു വേണ്ടി ശ്രമിക്കുന്നുവെന്ന്. പിന്നീടവര്‍ക്കു പിന്‍മാറേണ്ടിവന്നപ്പോള്‍ കേരളത്തിലെ എല്ലാ ക്രിക്കറ്റ് ആരാധകരെയുംപോലെ ഞാനും നിരാശനായി.
എനിക്കൊരു ഭാഗ്യമുണ്ട്. ഞാന്‍ കണ്ട സ്വപ്നങ്ങള്‍ മിക്കതും ഫലിച്ചിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ഇന്ത്യക്കു വേണ്ടി കളിക്കുന്നത്, ഞാന്‍ കളിക്കുന്ന ഇന്ത്യന്‍ ടീം ലോകകപ്പ് ജയിക്കുന്നത്... ഇതെല്ലാം എന്റെ സ്വപ്നങ്ങളായിരുന്നു. ഒക്കെയും ഫലിച്ചു. ഇപ്പോഴിതാ കൊച്ചിക്ക് സ്വന്തമായി ഒരു ഐ.പി.എല്‍. ടീമും. ആ ടീമിനു വേണ്ടി കളിക്കുക എന്ന സ്വപ്നവും ഫലിക്കുമെന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നു. ഞാനിപ്പോഴേ അതിനു തയ്യാറെടുത്തുകഴിഞ്ഞു.

ശശി തരൂര്‍ സാറിനോടും കേരള ക്രിക്കറ്റ് അസോസിയേഷനോടുമെല്ലാം ഈ നേട്ടത്തില്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു. ക്രിക്കറ്റിനെ വല്ലാതെ സ്‌നേഹിക്കുന്ന വലിയ നേതാവാണ് തരൂര്‍. അദ്ദേഹം മുന്നിട്ടിറങ്ങിയതുകൊണ്ടു മാത്രമാണല്ലോ നമുക്ക് ഇങ്ങനെയൊരു ടീമിനെ കിട്ടിയത്. പഞ്ചാബിന് വേണ്ടി ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നു, നമ്മുടെ കേരളത്തില്‍ എത്രയോ മികച്ച താരങ്ങളുണ്ട്.

അവര്‍ക്കൊക്കെ ഐ.പി.എല്ലില്‍ കളിക്കാന്‍ കഴിയാത്തത് നമുക്കു സ്വന്തമായി ഒരു ടീമില്ലാത്തതുകൊണ്ടല്ലേ ? ഇനി റെയ്ഫി വിന്‍സെന്റും നിയാസും രോഹനുമെല്ലാം ഐ.പി.എല്ലില്‍കളിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം. അവര്‍ക്കൊപ്പം ഈ ഞാനും. ഓര്‍ക്കുമ്പോള്‍ത്തന്നെ വലിയ ആവേശവും അഭിമാനവും തോന്നുന്നു. നമ്മുടെ എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും മുന്നോട്ടു കുതിക്കാനും പുതിയൊരുണര്‍വോടെ, ലക്ഷ്യത്തോടെ പരിശീലിക്കാനും കളിക്കാനുമുള്ള പ്രചോദനവുമാവും നമ്മുടെ ഈ പുതിയ ടീം, ഉറപ്പ്!
കേരളാ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയൊരു കുതിച്ചുചാട്ടമാണിത്. നമ്മുടെ കൂടുതല്‍ കളിക്കാര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് ഐ.പി.എല്‍. വഴിതുറക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ഒരു വര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്തുതീര്‍ക്കാനുണ്ട്. കൊച്ചിയില്‍ ഒരു തകര്‍പ്പന്‍ സ്റ്റേഡിയം, മികച്ച ഗ്രൗണ്ട് ... അങ്ങനെ കുറേ കാര്യങ്ങള്‍. ക്രിക്കറ്റിനേയും സ്‌പോര്‍ട്‌സിനേയും സ്‌നേഹിക്കുന്ന മലയാളികള്‍ ഒരുമിച്ചുനിന്നാല്‍ ഒന്നും നടക്കാതെ വരില്ല. കേരളത്തിന്റെ ടീമിനുവേണ്ടി ഐ.പി.എല്ലില്‍ കളിക്കുകയെന്നതിന്റെ ആവേശം ഒരു മലയാളിയെന്ന നിലയ്ക്ക് ഏറെ വലുതാണ്. ഇനിയുള്ള എന്റെ എല്ലാ ശ്രമവും അതു ഫലവത്താക്കാന്‍ വേണ്ടിയുള്ളതാണ്. ഞാന്‍ ഇപ്പോഴേ മനസ്സില്‍ക്കാണുന്നു, കൊച്ചി ടീമിന്റെ ജഴ്‌സിയണിഞ്ഞ് പാട്ടുപാടി കലൂരിലെ റോഡരികിലൂടെ ഐ.പി.എല്‍. മാച്ച് കാണാന്‍ സ്റ്റേഡിയത്തിലേക്ക് നടക്കുന്ന ഒരു വലിയ സംഘത്തെ; അവരില്‍ എന്റെ പ്രിയപ്പെട്ട എല്ലാ നാട്ടുകാരെയും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/