പ്ലാച്ചിമടയിലെ ജലചൂഷണം കൃഷിനാശത്തിന് കൊക്കകോള 80 കോടി നല്‍കണമെന്ന് പാനല്‍

Posted on: 22 Mar 2010



തിരുവനന്തപുരം: പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനി കൃഷിനാശത്തിന് 80 കോടി രൂപ നല്‍കണമെന്ന് 14 അംഗ വിദഗ്ധ പാനല്‍ ആവശ്യപ്പെട്ടതായി അറിയുന്നു. പരിസ്ഥിതി. കൃഷി, തൊഴില്‍ നാശത്തിനുമായി പാനല്‍ മൊത്തം 200 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

വന്‍തോതിലുള്ള ജലചൂഷണം കാരണം പ്രദേശവാസികളായ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള തൊഴില്‍ നഷ്ടത്തിന് 6.5 കോടി രൂപയും കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ പാനല്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാനലിന്റെ തെളിവെടുപ്പുമായി സഹകരിക്കാത്ത കൊക്കകോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെങ്കില്‍ നീതിന്യായാധികാരമുള്ള പ്രത്യേക ട്രിബ്യൂണലിനെ സര്‍ക്കാര്‍ നിയമിക്കണം.

കൃഷിയും തൊഴിലും ആരോഗ്യവും സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതിനാല്‍ ട്രിബ്യൂണല്‍ രൂപവത്കരിക്കാന്‍ സര്‍ക്കാരിന് കഴിയും. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പരിസ്ഥിതിപ്രശ്‌ന നഷ്ടപരിഹാരത്തിനായി ഇത്തരത്തില്‍ ട്രിബ്യൂണല്‍ രൂപവത്കരിച്ചിട്ടുണ്ട്.

1986-ലെ കേന്ദ്രപരിസ്ഥിതി നിയമമനുസരിച്ച് സംസ്ഥാനത്ത് ഇത്തരത്തില്‍ നിയമനിര്‍മാണം നടത്താം. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ കണ്‍വീനറായ കമ്മിറ്റി തിങ്കളാഴ്ച ജലവിഭവ വകുപ്പ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. 1999 മുതല്‍ 2004 വരെ പ്രതിദിനം 5 ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭ ജലം എടുക്കുക വഴി ഭൂഗര്‍ഭജലനിരപ്പ് ആദിവാസി തൊഴില്‍, പരിസരദൂഷണം എന്നിവയില്‍ വന്‍തോതില്‍ നഷ്ടമുണ്ടായിട്ടുണ്ട്. ഇവയ്ക്ക് ഓരോന്നിനും നഷ്ടപരിഹാരം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പാനല്‍ നിര്‍ദേശിച്ചിട്ടുണ്ട്. 11 ഔദ്യോഗിക അംഗങ്ങളും മൂന്ന് വിദഗ്ധ അംഗങ്ങളും അടങ്ങുന്നതാണ് നഷ്ടപരിഹാരവിദഗ്ധ പാനല്‍

എം. ഹരികുമാര്‍

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/