
തൃപ്പൂണിത്തുറ: അറുപതോളം വാഹനമോഷണക്കേസുകളിലെയും സ്പിരിറ്റ് കള്ളക്കടത്തു കേസുകളിലെയും പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ആലപ്പുഴ കനാല്‍ റോഡ് പാലയ്ക്കല്‍ വീട്ടില്‍ സന്തോഷ് പാസ്‌കലി (32)നെ തൃപ്പൂണിത്തുറ സി.ഐ. ബിജു കെ. സ്റ്റീഫനും സംഘവും അറസ്റ്റു ചെയ്തു.
ചിത്രപ്പുഴയ്ക്കുസമീപം ടാങ്കര്‍ലോറി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. 2005ല്‍ കൊട്ടാരക്കരയില്‍ നിന്ന് മോഷ്ടിച്ച ടവേരകാറുമായി ഹരിപ്പാട് പോലീസിന്റെ പിടിയിലായ ഇയാള്‍ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.
എറണാകുളം നോര്‍ത്ത്, ആലപ്പുഴ നോര്‍ത്ത്, കൊട്ടാരക്കര തുടങ്ങിയ സ്റ്റേഷനുകളില്‍ സന്തോഷ്പാസ്‌കലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 15-ാം വയസില്‍ ആണ് ആദ്യമായി കാര്‍മോഷണകേസില്‍ ഇയാള്‍ പിടിയിലാകുന്നത്. മധ്യകേരളത്തില്‍ കുപ്രസിദ്ധ വാഹനമോഷ്ടാവായ ഇയാള്‍ മോഷ്ടിച്ച വാഹനങ്ങളില്‍ സ്പിരിറ്റ് കള്ളക്കടത്ത് നടത്തിയിരുന്നതായും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കള്ളുഷാപ്പ് നടത്തിച്ചു കൊടുത്തിരുന്നതായും പോലീസ് അറിയിച്ചു.
നൂറനാട്, ചാരുംമൂട് ഭാഗത്ത് ഒളിവില്‍ താമസിച്ചുവരികയായിരുന്നു. 2009 സപ്തംബര്‍ 17ന് രാത്രി വരാപ്പുഴയില്‍ നിന്ന് സാന്‍ട്രോകാര്‍ മോഷ്ടിച്ചെടുത്തതാണ് ഇയാളുടെ ഒടുവിലത്തെ മോഷണം. കൂട്ടുപ്രതികളായ എടത്വസ്വദേശി വിനോദ്, പാലക്കാട് മങ്കരസ്വദേശി ശാന്തിഭൂഷണ്‍ എന്നിവര്‍ക്കുവേണ്ടി അന്വേഷണം ത്വരിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
എ.എസ്.ഐ. പൗലോസ്, പോലീസുകാരായ തിലകരാജ്, സുരേഷ്, മധു, ജോസി, ബിനു, റഷീഫ്, വിനോദ്, ആന്റണി എന്നിവരും അറസ്റ്റുചെയ്യാനുള്ള സംഘത്തിലുണ്ടായിരുന്നു.