ഇന്ന് ലോക ജലദിനം

Posted on: 22 Mar 2010



നാല്പത്തഞ്ച് ലക്ഷം കിണറുകളുണ്ട് കൊച്ചു കേരളത്തില്‍. 86 ശതമാനം വീടുകളിലും കക്കൂസുമുണ്ട്. ഫലം കക്കൂസ് ടാങ്കുകളില്‍നിന്ന് കിണറുവെള്ളത്തിലും മാലിന്യം കലരുന്നു.

കക്കൂസ് സൗകര്യമില്ലാത്തതാണ് ലോകമെമ്പാടും ജലമലിനീകരണത്തിനുള്ള പ്രധാന കാരണമെങ്കില്‍ സൗകര്യങ്ങള്‍ കൂടിപ്പോയതാണ് കേരളത്തിലെ പ്രശ്‌നം. 44 നദികളും 900 പോഷകനദികളും 38 കായലുമുള്ള കേരളത്തിലെ ജലശേഖരമെല്ലാം ഖരമാലിന്യങ്ങള്‍കൊണ്ട് മലീമസമാണ്.

മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ശുദ്ധജലം കൂടിയേ തീരൂ. ആരോഗ്യമുള്ള ലോകത്തിന് ശുദ്ധജലം എന്നതാണ് ഇത്തവണത്തെ ലോക ജലദിന സന്ദേശം.

അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏറ്റവും വലിയ കൊലയാളി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. മലിനജലം കുടിക്കുന്നതുകാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുന്നു. 22 ലക്ഷം പേര്‍ മരണമടയുന്നു.

ദിവസവും 20 ലക്ഷം ടണ്‍ ഖരമാലിന്യമാണ് ലോകത്തെ ജലശേഖരത്തിലേക്ക് നാം തള്ളിവിടുന്നത്. പ്രതിവര്‍ഷം മനുഷ്യന്‍ സൃഷ്ടിക്കുന്ന മലിനജലത്തിന്റെ അളവ് 1500 ഘനമീറ്റര്‍ വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

എത്ര ഉപയോഗിച്ചാലും വെള്ളം തീര്‍ന്നുപോകില്ല എന്ന ധാരണയാണ് ജലസമൃദ്ധമായ കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണം. ദേശീയശരാശരിയുടെ രണ്ടര ഇരട്ടിയായ 3000 മില്ലിമീറ്റര്‍ മഴയാണ് പ്രതിവര്‍ഷം കേരളത്തിന് കിട്ടുന്നത്. ലോകത്ത് ആളോഹരി ജലഉപയോഗം പ്രതിദിനം 120 ലിറ്ററാണെങ്കില്‍ കേരളത്തിലത് 200 ലിറ്ററാണ്. ആണ്ടില്‍ ആറുമാസവും മഴയായിട്ടും മഴയെത്തുംമുമ്പുള്ള മൂന്നുമാസം കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍പ്പെടുന്നത് ഈ ജലദുരുപയോഗം കാരണമാണ്.

എണ്ണംകൊണ്ട് ലോകത്തിനുതന്നെ അത്ഭുതമായ കേരളത്തിലെ കിണറുകളിലെ ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മൂന്നുമീറ്റര്‍ താഴ്ന്നു. മണ്ണിലേക്ക് താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയാണ് നാം ഊറ്റിയെടുക്കുന്നത്.

മലിനജലം ശുദ്ധീകരിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് ഉള്ള വെള്ളം മലിനമാകാതെ, പാഴാക്കാതെ നോക്കുകയെന്നത്. ഓര്‍ക്കുക വെള്ളത്തിനു പകരം ഉപയോഗിക്കാവുന്നൊരു പദാര്‍ഥം കണ്ടുപിടിക്കാന്‍ ഇതുവരെ മനുഷ്യനു കഴിഞ്ഞിട്ടില്ല.

കുടിനീരിനായി കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. ഉള്ള വെള്ളം കരുതലോടെ ഉപയോഗിക്കുകയാണ് വേണ്ടത്. ചൂടേറുമ്പോള്‍ സൂര്യനെ ശപിച്ചിട്ടെന്തു കാര്യം. ചൂടിനെ നേരിടാന്‍ വഴികള്‍ പലതുണ്ട്.

ചൂടേറുമ്പോള്‍ വെള്ളം കുറയുമ്പോള്‍ കേരളം വൈദ്യുതിക്ഷാമത്തിന്റെ പിടിയില്‍പ്പെടും. ഇന്നേ വൈദ്യുതി ഉപയോഗം കുറച്ചാല്‍ പവര്‍ക്കട്ടും ലോഡ്‌ഷെഡിങ്ങും ഒഴിവാക്കാനായേക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/