അഫ്ഗാനിസ്താനില്‍ സ്‌ഫോടനം: 12 മരണം

Posted on: 22 Mar 2010





ലഷ്‌കര്‍ ഗാ: അഫ്ഗാനിസ്താനിലുണ്ടായ രണ്ട് വ്യത്യസ്ത ബോംബാക്രമണങ്ങളില്‍ 12 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മന്ദിലെ ഗെര്‍ഷേക്ക് ജില്ലയില്‍ 1.45ഓടെയായിരുന്നു ആദ്യ സ്‌ഫോടനം. മോട്ടോര്‍സൈക്കിളിലെത്തിയ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ പുതുവര്‍ഷമായ നൗറുസിനോടനുബന്ധിച്ച് വിനോദയാത്രയ്‌ക്കെത്തിയവരാണ് കൊല്ലപ്പെട്ടത്. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമിട്ടാണ് ചാവേറാക്രമണമുണ്ടായതെന്ന് ഹെല്‍മന്ദിലെ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ചാവേര്‍ വാഹനം ശ്രദ്ധയില്‍പ്പെട്ട സൈനികര്‍ തങ്ങളുടെ വാഹനത്തിന്റെ വേഗം കൂട്ടി. സമീപത്തുണ്ടായിരുന്ന സാധാരണക്കാരാണ് അപകടത്തില്‍പ്പെട്ടത്.

പാകിസ്താന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ ഖോസ്ത് പ്രവിശ്യയിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. രണ്ട്‌പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍കാരായ നിര്‍മാണത്തൊഴിലാളികള്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന ബോംബില്‍തട്ടി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പ്രവിശ്യാ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.



Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/