ഗുജറാത്ത് കലാപക്കേസ്: മോഡി ഹാജരായില്ല
Posted on: 22 Mar 2010
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിനു മുമ്പാകെ മുഖ്യമന്ത്രി നരേന്ദ്രമോഡി ഞായറാഴ്ച ഹാജരായില്ല. മാര്‍ച്ച് 21ന് തുടങ്ങുന്ന ആഴ്ചയില്‍ ചോദ്യംചെയ്യലിനായി ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പ്രത്യേകാന്വേഷണസംഘം മോഡിക്ക് സമന്‍സ് അയച്ചിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് മോഡിയെ ചോദ്യംചെയ്യാന്‍ വിളിച്ചിരിക്കുന്നത്. ഇവിടെ കൊലചെയ്യപ്പെട്ട 69 പേരിലൊരാളായ മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്‌സന്‍ ജഫ്രിയുടെ ഭാര്യ സാകിയയുടെ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ കേസ് പ്രത്യേകാന്വേഷണസംഘത്തിന് വിട്ടത്. കൂട്ടക്കൊലയുടെ സൂത്രധാരിലൊരാള്‍ മോഡിയാണെന്ന് സാകിയയുടെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥകളനുസരിച്ചല്ല മോഡിക്കെതിരെ സമന്‍സ് അയച്ചിരിക്കുന്നത്. അതിനാല്‍ സമന്‍സ് അനുസരിക്കാന്‍ നിയമപരമായി അദ്ദേഹം ബാധ്യസ്ഥനല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസില്‍ മോഡിയെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ലാത്തതിനാല്‍ നിയമസാധുതയുള്ള സമന്‍സ് അയയ്ക്കാന്‍ പറ്റില്ലെന്നാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ നിലപാട്.
ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ് പ്രത്യേകാന്വേഷണ സംഘത്തിന് വിട്ടുകൊടുത്തതിനെ ചോദ്യംചെയ്തുള്ള ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. സാകിയയുടെ ഹര്‍ജിയില്‍ ആരോപണവിധേയനായ ബി.ജെ.പി. മുന്‍ എം.എല്‍.എ. കാലു മാളിവാഡിന്‍േറതാണ് ഈ ഹര്‍ജി. ഇതില്‍ തീര്‍പ്പാവുന്നതുവരെ പ്രത്യേകാന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാവേണ്ട എന്നാണ് മോഡിയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam