വിമാനത്തിലെ ബോംബ്: അന്വേഷണം വേണമെന്ന് ബി.ജെ.പി.
Posted on: 22 Mar 2010
ന്യൂഡല്‍ഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കിങ്ഫിഷര്‍ വിമാനത്തില്‍നിന്ന് ബോംബ് പോലുള്ള വസ്തു കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. വ്യോമഗതാഗതമാണ് തീവ്രവാദികളുടെ പ്രധാന ലക്ഷ്യം. സുരക്ഷാപാളിച്ച പരിശോധിച്ച് വിമാനയാത്രയ്ക്കുള്ള ആശങ്കയകറ്റേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്- പാര്‍ട്ടി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ തോറ്റ മണിശങ്കര്‍ അയ്യരെയും രാംദയില്‍ മുണ്ടെയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത കോണ്‍ഗ്രസ്‌നടപടി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ കാഴ്ചപ്പാടിനെതിരാണെന്ന് റൂഡി പറഞ്ഞു.
1953 മെയ് 13-നു ലോക്‌സഭയില്‍ നെഹ്രു നടത്തിയ വിഖ്യാത പ്രസംഗത്തില്‍ പറയുന്നത് രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നല്ല കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരില്‍ നിന്നാവണമെന്നാണ്. 'സക്രിയ'രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന നേതാക്കളെ രാജ്യസഭയിലേക്കയയ്ക്കുകവഴി, പാര്‍ട്ടിക്ക് മാര്‍ഗനിര്‍ദേശം നല്കിയ നേതാവിനെ കോണ്‍ഗ്രസ് അവമതിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള അഭയകേന്ദ്രമായി രാജ്യസഭ മാറി- റൂഡി പറഞ്ഞു.