കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരുമായി കൈകോര്‍ക്കും- സി.ഐ.ടി.യു.
Posted on: 22 Mar 2010
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരുമായി കൈകോര്‍ത്തുനിന്ന് പൊരുതുമെന്ന് സ്ഥാനമൊഴിയുന്ന സി.ഐ.ടി.യു. ദേശീയ അധ്യക്ഷന്‍ എം.കെ. പാന്ഥെ വ്യക്തമാക്കി. ചണ്ഡീഗഢില്‍ നാലു ദിവസമായി നടക്കുന്ന സി.ഐ.ടി.യു. ദേശീയ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നൂറുകണക്കിനു തൊഴിലാളികളും സി.ഐ.ടി.യു. പ്രവര്‍ത്തകരും അണിനിരന്ന റാലിയും നടന്നു.
സി.ഐ.ടി.യു.വിന്റെ പുതിയ ദേശീയാധ്യക്ഷന്‍ എ.കെ. പദ്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, ഓള്‍ ഇന്ത്യ വര്‍ക്കിങ് വിമന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഹേമലത, സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി മുഹമ്മദ് അമീന്‍, സി.ഐ.ടി.യു. പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് വിജയ്‌സിങ്, സെക്രട്ടറി രഘുനാഥ്‌സിങ് എന്നിവരും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു.
തെറ്റായ കേന്ദ്രനയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായിനിന്നാണ് സമരം നയിക്കുന്നത്. വിലക്കയറ്റം, സാര്‍വത്രിക പൊതുവിതരണസമ്പ്രദായത്തിലെ അപാകം, തൊഴിലില്ലായ്മ, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പോരായ്മ, പൊതുമേഖലാസ്ഥാപനത്തിന്റെ ഓഹരികള്‍ വിറ്റഴിക്കുന്ന തെറ്റായ സാമ്പത്തിക നയം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐ.എന്‍.ടി.യു.സി., ബി.എം.എസ്. അടക്കമുള്ള സംഘടനകളോടുചേര്‍ന്ന് സി.ഐ.ടി.യു. ഭാവിയില്‍ സമരം നടത്തും. കൂടുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകും. അഖിലേന്ത്യാ പണിമുടക്കിനും തൊഴിലാളിസംഘടനള്‍ പദ്ധതിയിടുന്നുണ്ട്- പാന്ഥെ പറഞ്ഞു.
ലോകമെങ്ങും തൊഴിലാളിവര്‍ഗം നേരിടുന്ന അതിക്രമങ്ങള്‍ക്ക് സമാനസ്വഭാവമാണുള്ളതെന്ന് എ.കെ. പദ്മനാഭന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നവമുതലാളിത്തത്തിനെതിരായ ആഗോളതല ചെറുത്തുനില്പ് തൊഴിലാളിവര്‍ഗ കൂട്ടായ്മയിലൂടെ ഉയര്‍ന്നുവരുന്നുണ്ട്. തൊഴിലാളികളുടെ സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ യു.പി.എ. സര്‍ക്കാര്‍ പരാജയപ്പെട്ടു. അതേസമയം, തൊഴിലുടമകള്‍ക്ക് കോടിക്കണക്കിനു രൂപയുടെ സഹായമാണ് നല്കുന്നത്. ഇതിനെതിരെ തൊഴിലാളിവര്‍ഗത്തിന്റെ ഒന്നിച്ചുള്ള പേരാട്ടം സി.ഐ.ടി.യു. ഉറപ്പുവരുത്തും. രാജ്യത്ത് ശക്തിപ്പെടുന്ന തൊഴിലാളിവര്‍ഗ കൂട്ടായ്മയ്ക്ക് സി.ഐ.ടി.യു മുന്‍കൈയെടുക്കും- അദ്ദേഹം പറഞ്ഞു. രാജ്യത്തെ ട്രേഡ് യൂണിയന്‍ രംഗം ശക്തിപ്പെടുന്നതും തൊഴിലാളിവര്‍ഗ കൂട്ടായ്മ തടയാനും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തപന്‍ സെന്‍ പറഞ്ഞു.