വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നേട്ടം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് -മന്ത്രി സിബല്‍

Posted on: 22 Mar 2010



കോഴിക്കോട്: സര്‍വകലാശാലാ വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ഉറപ്പാക്കാനാണ് വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. എന്‍.ഐ.ടി.യില്‍ വിദ്യാര്‍ഥികളുമായി നടത്തിയ 'മുഖാമുഖ'ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരില്‍ 12 ശതമാനം പേര്‍ക്ക് മാത്രമേ ഇപ്പോള്‍ സര്‍വകലാശാലാ പഠനത്തിന് അവസരം ലഭിക്കുന്നുള്ളൂ. ആഗോളതലത്തില്‍ ഇത് 23 ശതമാനമാണെന്ന് ഓര്‍ക്കണം. ബ്രിട്ടന്‍പോലുള്ള വികസിത രാജ്യങ്ങളില്‍ ഇത് 43 ശതമാനമാണ്. 2020-ഓടെ ഇന്ത്യയിലെ പഠനാവസരം 30 ശതമാനമായി ഉയര്‍ത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് നിലവിലുള്ളതിന്റെ രണ്ടിരട്ടി സര്‍വകലാശാലകളും കോളേജുകളും വേണം. ഇത് സ്ഥാപിക്കാനുള്ള പണം കേന്ദ്രസര്‍ക്കാറിന്റെ പക്കലില്ല. സ്വകാര്യ, വിദേശ പങ്കാളിത്തം അനിവാര്യമാണ്. വിദേശ സര്‍വകലാശാലകള്‍ വന്നാല്‍ നേട്ടം നമ്മുടെ വിദ്യാര്‍ഥികള്‍ക്കാണ്. വിദേശ സര്‍വകലാശാലകള്‍ക്കായി പ്രത്യേക നിയമം ഉണ്ടാവില്ല. രാജ്യത്തെ എല്ലാ നിയമങ്ങളും അവയ്ക്കും ബാധകമായിരിക്കും-മന്ത്രി പറഞ്ഞു.

രാജ്യത്തെ 90 ശതമാനം എന്‍ജിനീയറിങ് കോളേജുകള്‍ സ്വകാര്യമേഖലയിലാണ്. എന്നാല്‍, ഇവയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ല. തലവരിപ്പണം വാങ്ങുന്നതിനെ സര്‍ക്കാര്‍ ശക്തമായി നേരിടുകതന്നെ ചെയ്യും-മന്ത്രി പറഞ്ഞു.

ഐ.ഐ.ടി., എന്‍.ഐ.ടി.കളില്‍നിന്ന് കുട്ടികള്‍ മാനേജ്‌മെന്റ് പഠനരംഗത്തേക്ക് മാറുന്നത് തന്നെ അസ്വസ്ഥനാക്കുന്നതായി മന്ത്രി പറഞ്ഞു. വിജ്ഞാനം വര്‍ധിപ്പിക്കുക എന്നതിനെക്കാള്‍ ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കുക എന്നതാവരുത് ലക്ഷ്യം. ഇത് തടയാന്‍ എന്‍.ഐ.ടി.യില്‍ മാനേജ്‌മെന്റ് പഠന സെന്റര്‍ തുടങ്ങണം-മന്ത്രി നിര്‍ദേശിച്ചു.

എന്‍.ഐ.ടി. ഡയറക്ടര്‍ ഡോ. ജി.ആര്‍.എസ്. റെഡ്ഡി അധ്യക്ഷതവഹിച്ചു.

എന്‍.ഐ.ടി. സെന്ററില്‍ പുതുതായി നിര്‍മിച്ച സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടവും സ്‌കൂള്‍ ഓഫ് നാച്വറല്‍ സയന്‍സസ് കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/