
ഖാസിയാബാദ്: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും രാഷ്ട്ര വികസനത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നും ഇരുവരെയും വിമര്‍ശിച്ചതില്‍ ഖേദിക്കുന്നുവെന്നും സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് അമര്‍ സിങ് പറഞ്ഞു.
''പാര്‍ട്ടി നയത്തിനനുസരിച്ചാണ് താന്‍ അന്ന് സംസാരിച്ചത്, രാഷ്ട്രത്തിന്റെ ഐക്യത്തിനുവേണ്ടി പ്രധാനമന്ത്രിപദമുപേക്ഷിച്ച ലോകത്തെ ഒരേ ഒരു വനിതാ നേതാവ് സോണിയയാണെന്ന് എനിക്ക് പറയാനാവും. അമേഠി എം. പി. രാഹുല്‍ പാവപ്പെട്ടവര്‍ക്കൊപ്പം താമസിച്ചത് അദ്ദേഹം സമത്വത്തില്‍ വിശ്വസിക്കുന്നു എന്നതിന് തെളിവാണ്'' -ഗഡ്മുക്തേശ്വറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അമര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ ജില്ലകള്‍ ഉള്‍പ്പെടുത്തി 'ഹരിത് പ്രദേശ്' രൂപവത്കരിക്കുന്നതിന് ആര്‍.എല്‍.ഡി. നേതാവ് അജിത് സിങ്ങിനെ പിന്തുണയ്ക്കുമെന്നും തന്റെ പുതിയ പാര്‍ട്ടി മാര്‍ച്ച് അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.