വാഹന പരിശോധനയ്ക്കിടെ പോലീസ് ഓടിച്ച യുവാവ് ചതുപ്പില്‍വീണു മരിച്ചു

Posted on: 22 Mar 2010



ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ പോലീസ് വിരട്ടിയോടിച്ച ചുമട്ടുതൊഴിലാളി ചതുപ്പില്‍വീണു മരിച്ചു. നെടുമുടി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ചെമ്പുംപുറം ബിജുഭവനത്തില്‍ തങ്കപ്പന്റെ മകന്‍ ബിജു (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്ത മൃതദേഹവുമായി നാട്ടുകാര്‍ എ.സി. റോഡ് ഉപരോധിച്ചത് സംഘര്‍ഷത്തിനിടയാക്കി. പഴയകരി സെന്‍ട്രല്‍ ബ്രാഞ്ച് സിഐടിയു യൂണിറ്റിലെ ലോഡിങ് തൊഴിലാളിയായിരുന്നു ബിജു.

പൊങ്ങയിലുള്ള ക്ഷേത്രത്തിലെ ഉത്സവംകണ്ട് സുഹൃത്തുക്കളായ അനീഷ്, സുന്ദശേരന്‍ എന്നിവര്‍ക്കൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. പണ്ടാരക്കളം ജങ്ഷനില്‍ ഹൈവേ പോലീസ് വാഹനപരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ ബൈക്കോടിച്ചിരുന്ന അനീഷ് വണ്ട നിര്‍ത്തി ബിജുവിനെയും സുന്ദരേശനെയും ഇറക്കി മടങ്ങിപ്പോയി. പോലീസ് യുവാക്കളുടെ അടുത്തേക്ക് ഒച്ചവെച്ച് പാഞ്ഞെത്തുന്നതിനിടെ ബിജു പിന്നോട്ട് ഓടി റോഡരികിലുള്ള ഭൂതപണ്ടം ചതുപ്പിലേക്ക് ചാടുകയായിരുന്നു.

സുന്ദരേശന്‍ ഈ സമയം റോഡില്‍ത്തന്നെ നിന്നു. ചോദ്യംചെയ്യുന്നതിനിടെ ബിജുവിനെ കാണാതായ വിവരം സുന്ദരേശന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ റോഡരികില്‍ ബിജുവിന്റെ ചെരുപ്പും കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക്ബാഗും ലഭിച്ചു. ചതുപ്പില്‍വീണെന്ന നിഗമനത്തില്‍ അര്‍ധരാത്രിമുതല്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും ഞായറാഴ്ച വൈകിട്ട് 3.45ഓടെയാണ് മൃതദേഹം ലഭിച്ചത്.

പായലും പുല്ലും വളര്‍ന്ന ചതുപ്പില്‍ ചെളിയില്‍പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. രാവിലെമുതല്‍ എത്തിയ നാട്ടുകാര്‍ പ്രകോപിതരായി. മൃതദേഹം റോഡില്‍വെച്ചതോടെ എ.സി. റോഡിലെ ഗതാഗതം തടസപ്പെട്ടു. അതിനിടെ, പോലീസ് തിടുക്കത്തില്‍ മൃതദേഹം ജീപ്പില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

ആംബുലന്‍സില്‍ കൊണ്ടുപോകണമെന്നും മൃതദേഹം കഴുകി വൃത്തിയാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ ഇടപെട്ട് ജനങ്ങളെ ശാന്തരാക്കിയശേഷം മൃതദേഹം പോലീസ്ജീപ്പില്‍ത്തന്നെ ആലപ്പുഴ ജനറല്‍ ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. ഇരുപത് മിനിറ്റോളം നീണ്ട സംഘര്‍ഷാവസ്ഥ എ.ആര്‍. ക്യാമ്പില്‍നിന്ന് കൂടുതല്‍ പോലീസുകാരെത്തെിയതോടെ നിയന്ത്രണവിധേയമായി.

സബിതയാണ് ബിജുവിന്റെ ഭാര്യ. അമ്മ: വസുമതി. മകള്‍: അനഘ.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/