പരീക്ഷ പാസായാല്‍ പാരമ്പര്യവൈദ്യന്മാര്‍ക്ക് ഇനി രജിസ്‌ട്രേഷന്‍
Posted on: 22 Mar 2010
കൊല്ലം: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നാട്ടുവൈദ്യന്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാന്‍ തീരുമാനം. പാരമ്പര്യചികിത്സകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നത് പുനഃസ്ഥാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം. ഇതനുസരിച്ച് നാട്ടുവൈദ്യന്മാര്‍ 50 ശതമാനം മാര്‍ക്കോടെ എഴുത്തുപരീക്ഷ പാസാകണം. തുടര്‍ന്ന് നടത്തുന്ന പ്രായോഗികപരീക്ഷയിലും അഭിമുഖത്തിലും കഴിവ് തെളിയിച്ചാല്‍ ബി ക്ലാസ് രജിസ്‌ട്രേഷന്‍ ലഭിക്കും. പ്രത്യേക സമിതിയുടെ നേതൃത്വത്തിലായിരിക്കും പരീക്ഷയും അഭിമുഖവും.
പാരമ്പര്യവൈദ്യന്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതു സംബന്ധിച്ച് അടുത്തിടെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഏറെ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന ആരോഗ്യവകുപ്പ് 17ന് പുതിയ ഉത്തരവിറക്കിയത്.
പുതിയ ഉത്തരവുപ്രകാരം എസ്.എസ്.എല്‍.സി. പാസായ, 10 വര്‍ഷം യോഗയിലും നാട്ടുവൈദ്യത്തിലും ചികിത്സാപരിചയമുള്ളവര്‍ക്ക് ബി ക്ലാസ് രജിസ്‌ട്രേഷന് അപേക്ഷിക്കാം. അപേക്ഷകന് 35 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ട്രാവന്‍കൂര്‍-മെഡിക്കല്‍ കൗണ്‍സില്‍(ഐ.എസ്.എം.) പ്രസിഡന്റ്, രജിസ്ട്രാര്‍, നാട്ടുചികിത്സാവകുപ്പ്(ഐ.എസ്.എം.) ഡയറക്ടര്‍, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത രണ്ട് അംഗീകൃത നാച്ചുറോപ്പതി ചികിത്സകര്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി പ്രതിനിധി എന്നിവരടങ്ങിയ തിരഞ്ഞെടുപ്പുസമിതിയാണ് അപേക്ഷകളില്‍ തുടര്‍നടപടി സ്വീകരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്താണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയതെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. അടിസ്ഥാനയോഗ്യത പ്ലസ് ടുവും 20 വര്‍ഷത്തെ ചികിത്സാപരിചയവുമാണ് പാരമ്പര്യവൈദ്യന്മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല.