കോണ്‍ഗ്രസ് നേതാക്കള്‍ 'ആധുനിക ബകന്മാരായി' മാറരുത്- യൂത്ത് കോണ്‍ഗ്രസ്

Posted on: 22 Mar 2010



കൊല്ലം:എത്ര ഭക്ഷിച്ചാലും മതിവരാത്ത ബകനെപ്പോലെ എത്ര അധികാരം കിട്ടിയാലും തികയാത്തവരായി കോണ്‍ഗ്രസ് നേതാക്കന്മാര്‍ മാറരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനം അംഗീകരിച്ച സംഘടനാപ്രമേയം. സി.പി.എം. പുറംതള്ളുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള വേദിയായി കോണ്‍ഗ്രസ് മാറരുതെന്നും പ്രമേയത്തില്‍ ആവശ്യമുയര്‍ന്നു.

അധികാരക്കുത്തകകള്‍ക്കെതിരെ പൊരുതുന്ന യൂത്ത് കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്തഭാഷിയിലെ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ സമ്മേളനത്തില്‍ ഉയര്‍ത്തിയത്.

പുരാണങ്ങളില്‍ മകന്റെ യൗവനം കടംചോദിച്ച യയാതിയെപ്പോലെ ഇന്ന് രാഷ്ട്രീയത്തില്‍ ആര്‍ത്തിയും ദുരയും മൂത്ത ഒരുകൂട്ടം യയാതികള്‍ തലമുറകളുടെ യൗവനം കടംകൊണ്ട് പൊതുരംഗത്ത് നില്‍ക്കുന്നു. ദശാബ്ദങ്ങള്‍ എം.എല്‍.എ.മാരും എം.പി.മാരും ആയിരുന്നവരും പലവട്ടം മന്ത്രിമാരായിരുന്നവരും ഇനിയും എന്താണ് പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പ്രമേയത്തില്‍ ചോദിക്കുന്നു.
''കഴിഞ്ഞ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവത്വത്തിന്റെ കൂട്ടക്കൊലയാണ് നടന്നത്. അര്‍ഹരായ അനവധി ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടു. സ്ഥാനമാനങ്ങള്‍ കുത്തകകളാക്കന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കാനുള്ള അന്തിമപോരാട്ടത്തിന് സമയമായി''
പാര്‍ട്ടി സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും ഒരുമിച്ചു വഹിക്കുന്നവര്‍ സംഘടനാസ്ഥാനത്തുനിന്ന് മാറിനിന്നു മാതൃക കാട്ടണം. അല്ലാത്തപക്ഷം അവരെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാവണം. തുടരാനാണ് ഭാവമെങ്കില്‍ ഇക്കൂട്ടര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കടുത്ത നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി.ആര്‍.രാജേഷ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

''പല നേതാക്കളുടെയും രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ മത്സരിക്കാന്‍വേണ്ടിയാണ് ഇവര്‍ ജനിച്ചതെന്ന് സംശയം തോന്നും. തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക, ചില മത്സരങ്ങളില്‍ ജയിക്കുക, ചിലതില്‍ തോല്‍ക്കുക, വീണ്ടും ഇവര്‍തന്നെ രംഗത്ത്.
അധികാരത്തിന്റെ കൈവശാവകാശത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ പോരാട്ടം. മൂന്നു തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി മത്സരിച്ചവരെ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ സംസ്ഥാനതലംമുതല്‍ താഴേത്തലംവരെ പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ അവസരം നല്‍കണം. യൂത്ത് കോണ്‍ഗ്രസ്സിലും കെ.എസ്.യു.വിലും സംഘടനാതിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നവര്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നുവെന്ന് പ്രമേയത്തില്‍ ചോദിക്കുന്നു.

വരാനിരിക്കുന്ന സംഘടനാതിരഞ്ഞെടുപ്പില്‍ ഒരേ സ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്നവരെ വീണ്ടും പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ എന്തു വിലകൊടുത്തും നേരിടും.

യുവാക്കളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചില്ലെങ്കില്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണം.

സി.പി.എം.ഉള്‍പ്പെടെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വരുന്നവരെ ഉടന്‍ 'അരിയിട്ട് വാഴിക്കുന്നത്' ശരിയല്ല.
കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ ഒരു നേതാവും സമുദായനേതാക്കളുടെ വീട്ടുപടിക്കല്‍ പോകേണ്ടതില്ലെന്ന് മാത്യു കുഴല്‍നാടന്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു. എം.പി.യാകാനും എം.എല്‍.എ.യാകാനും മന്ത്രിയാകാനും സമുദായ നേതാക്കളെ കൂട്ടുപിടിച്ചു വരുന്നവരെ പടിക്കുപുറത്തു നിര്‍ത്താന്‍ നേതൃത്വം തയ്യാറാവണം.

''പലപ്പോഴും യു.ഡി.എഫിലെ ചില ഏകാംഗ ഈര്‍ക്കിലി കക്ഷികള്‍ തങ്ങളുടെ നിലമറന്ന് പെരുമാറുന്നതും മന്ത്രിസ്ഥാനങ്ങള്‍ തങ്ങളുടെ സാമ്രാജ്യങ്ങളാക്കുന്നതും അംഗീകരിക്കാനാവില്ല. ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിയണം. അവസരവാദികളായ ഇവര്‍ നിര്‍ണായകഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സിനെ ഉപദ്രവിച്ചിട്ടുള്ളത് മറക്കാനാവില്ല. അടുത്തതവണ യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ വിദ്യാഭ്യാസം, സഹകരണം എന്നീ വകുപ്പുകള്‍ കോണ്‍ഗ്രസ് എടുക്കണം.

സാമ്പത്തികപ്രമേയം റോണി കെ.ബേബിയും പരിസ്ഥിതി നയരേഖ വി.ടി.ബെല്‍റാമും സ്ത്രീശാക്തീകരണപ്രമേയം എസ്.ശോഭയും അവതരിപ്പിച്ചു .

സോഷ്യലിസ്റ്റ് യൂത്ത് പ്രകാശനം ചെയ്തു


യൂത്ത് കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രകാശനം കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ജി.കാര്‍ത്തികേയന് നല്‍കി പ്രകാശനം ചെയ്തു. സ്വപ്ന ജോര്‍ജാണ് എഡിറ്റര്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/