കൊല്ലം: അധികാരക്കുത്തക പാടില്ലെന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ അഭിപ്രായത്തോടു യോജിക്കുന്നതായി കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും ശോഭിക്കാന്‍ സ്ഥാനമാനങ്ങള്‍ക്കു പുറമേ ജനപിന്തുണകൂടി വേണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊല്ലത്ത് മൃദുല്‍ ഗോഗോയ് നഗറില്‍(സി.കേശവന്‍ സ്മാരക ടൗണ്‍ ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ്സിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായ വയലാര്‍ രവി.
''യൂത്ത് കോണ്‍ഗ്രസ് അജന്‍ഡയോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. അതെനിക്കു പ്രായമായതുകൊണ്ടല്ല, നിങ്ങളുടെ ആവശ്യം ന്യായമായതിനാലാണ്. എം.പി. ആകുന്നതും എം.എല്‍.എ.ആകുന്നതും തെറ്റല്ല. എന്നാല്‍ അതിനുവേണ്ടി മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കരുതരുത്.
എ.കെ.ആന്റണി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ നടന്ന പാലക്കാട് സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റുകയും സംഘടനയെ ഇടത്തേക്കു നയിക്കണമെന്ന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ആ എ.കെ.ആന്റണിയാണ് ഇന്നു കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ളതെന്ന് വയലാര്‍ രവി ചൂണ്ടിക്കാട്ടി.
ജി.കാര്‍ത്തികേയന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ ഉയര്‍ത്തിയ 'ഏകകക്ഷിഭരണം' എന്ന മുദ്രാവാക്യം കോണ്‍ഗ്രസ്സിനെ കൂടുതല്‍ ശക്തമാക്കി.
ഇന്നു കേരളത്തില്‍ സര്‍ക്കാരും ഭരണവുമില്ലാത്ത സ്ഥിതിയാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
താന്‍ കെ.പി.സി.സി.പ്രസിഡന്റായിരിക്കുന്നിടത്തോളം കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ദുഃഖിക്കേണ്ടിവരില്ലെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ്സിലും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും യൂത്ത് കോണ്‍ഗ്രസ്സിന് സ്ഥാനം നല്‍കും.
കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പ് കഴിയുന്നതോടെ യൂത്ത് കോണ്‍ഗ്രസ്സിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ.പി.അനില്‍ കുമാറിനും ടി.സിദ്ദിഖിനും അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് കെ.പി.സി.സി.പ്രസിഡന്റ് പ്രഖ്യാപിച്ചു.
''കേരളത്തിലെ കോണ്‍ഗ്രസ്സിന് എന്നും ശക്തി പകര്‍ന്നിട്ടുള്ളത് കെ.എസ്.യു.വും യൂത്ത് കോണ്‍ഗ്രസ്സുമാണ്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അച്ചടക്കമുള്ളവരാവണം. മുതിര്‍ന്നവരെ ബഹുമാനിക്കണം''-രമേശ് ചെന്നിത്തല ഉപദേശിച്ചു.
അധികാരത്തിന്റെ കുത്തകവത്കരണത്തിനെതിരെ അജന്‍ഡ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതാണ് യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നേട്ടമെന്ന് അധ്യക്ഷപ്രസംഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.ലിജു പറഞ്ഞു.
അധികാരക്കുത്തക എല്ലാ തലങ്ങളിലും അവസാനിപ്പിച്ചേ പറ്റൂ. അവശേഷിച്ച പച്ചപ്പ് അവസാനിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ല-സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
അതിരപ്പള്ളി പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ അഭിപ്രായം യൂത്ത് കോണ്‍ഗ്രസ്സിന്റെകൂടി അഭിപ്രായമാണെന്ന് ലിജു വ്യക്തമാക്കി.
കെ.പി.സി.സി.മുന്‍ പ്രസിഡന്റ് സി.വി.പദ്മരാജന്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എല്‍.എ, എന്‍.എസ്.യു.ഐ.പ്രസിഡന്റ് ഹൈബി ഈഡന്‍, എം.പി.മാരായ കെ.സുധാകരന്‍, പി.ടി.തോമസ്, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ബെന്നി ബഹ്‌നാന്‍, കെ.എസ്.യു.പ്രസിഡന്റ് ഷാഫി പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് സി.ആര്‍.മഹേഷ് സ്വാഗതവും സംസ്ഥാന സെക്രട്ടറി ഡീന്‍ കുര്യാക്കോസ് നന്ദിയും പറഞ്ഞു.