മലമ്പുഴമണല്‍ വില്‌പനയില്‍ സര്‍ക്കാരടിക്കുന്നത് കൊള്ളലാഭം

Posted on: 22 Mar 2010



ചെലവ് ഘനമീറ്ററിന് 230 രൂപ; വില്‍ക്കുന്നത് 2300 രൂപയ്ക്കും


പാലക്കാട്: പാവപ്പെട്ടവര്‍ക്ക് ന്യായവിലയ്ക്ക് മണല്‍നല്‍കുമെന്നുപറഞ്ഞ സര്‍ക്കാര്‍ മലമ്പുഴമണല്‍ വില്പനയിലൂടെ ലക്ഷ്യമിടുന്നത് കൊള്ളലാഭം.

ഒരുഘനമീറ്റര്‍ മണലെടുക്കാന്‍ സര്‍ക്കാരിന് ചെലവ് വെറും 230 രൂപ. വില്‍ക്കുന്നത് 2300 രൂപയ്ക്കും. ഒറ്റയടിക്ക് 2070 രൂപയുടെ ലാഭം. സാധാരണക്കാര്‍ക്കു പോലും ന്യായവിലയ്ക്ക് മണല്‍നല്‍കാതെ മുഴുവന്‍മണലും ലേലംചെയ്ത് വില്‍ക്കാനുള്ള തീരുമാനം അമിതലാഭം കൊയ്യാനാണെന്ന് ആക്ഷേപം ശക്തമാകുന്നതും അതുകൊണ്ടുതന്നെയാണ്.

മലമ്പുഴയും ചുള്ളിയാറും ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍നിന്ന് മണല്‍വാരാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെ(കെംഡെല്‍)യാണ്.

മലമ്പുഴയില്‍ ഒരുഘനമീറ്റര്‍ മണല്‍വാരി ശുദ്ധീകരിച്ച് സംഭരിച്ചുനല്‍കുന്നതിന് 175 രൂപമുതല്‍ 200 രൂപവരെയാണ് സര്‍ക്കാരില്‍നിന്ന് ലഭിക്കുകയെന്ന് കെംഡെല്‍ മാനേജിങ്ഡയറക്ടര്‍ എന്‍.വിമലന്‍ പറഞ്ഞു. ഈ തുകയ്ക്കാണ് കെംഡെല്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സാധാരണരീതിയില്‍ ഘനമീറ്ററിന് 175 രൂപ. കൂടുതല്‍ ആഴത്തില്‍നിന്ന് മണല്‍വാരി ദൂരസ്ഥലത്ത് സംഭരിക്കേണ്ടിവരുമ്പോള്‍ ചെലവ് 200 രൂപയാവും. ഇതില്‍ ഒരുഘനമീറ്ററിന് ചെലവിന്റെ 15ശതമാനം തുക കെംഡെല്ലിന് ലാഭമായി നല്‍കും. ശരാശരി 200 രൂപ കണക്കാക്കിയാല്‍ 30 രൂപ കെംഡെല്ലിന് ലാഭമായി കിട്ടും.

കെംഡെല്‍ മണലെടുക്കാന്‍ വിവിധകമ്പനികള്‍ക്ക് ഉപകരാറുകള്‍ നല്‍കിയിരിക്കയാണ്. ഒരു ഘനമീറ്ററിന് സര്‍ക്കാര്‍നല്‍കുന്ന 230 രൂപയില്‍ 200 രൂപയും കരാറുകാര്‍ക്ക് നല്‍കേണ്ടിവരും. കരമണലെടുക്കാന്‍പോലും ഇതിന്റെ ഇരട്ടി ചെലവുവരുന്നുണ്ട്. ഇത്രയും കുറഞ്ഞതുകയ്ക്ക് മണല്‍ വാരിയെടുത്തിട്ടും പാവപ്പെട്ടവര്‍ക്ക് ന്യായവിലയ്ക്ക് മണല്‍നല്‍കാതെ കൊള്ളലാഭത്തിന് മണല്‍ വില്‍ക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ന്യായങ്ങള്‍ യുക്തിസഹമല്ല.

ഭാരതപ്പുഴയില്‍നിന്നുവാരുന്ന മണലിന് ഘനമീറ്ററിന് 395 രൂപയുള്ളപ്പോള്‍ മലമ്പുഴമണലിന് നിശ്ചയിച്ചത് 1200 രൂപയായിരുന്നു. എന്നാല്‍ ലേലത്തിനുപോയത് 2300 രൂപയ്ക്കും.

പാവപ്പെട്ടവര്‍ക്ക് ന്യായവിലയ്ക്ക് മണലെത്തിച്ച് മണല്‍ക്ഷാമം പരിഹരിക്കുക, അണക്കെട്ടുകളിലെ സംഭരണശേഷി വര്‍ധിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അണക്കെട്ടുകളില്‍നിന്ന് മണല്‍ വാരിത്തുടങ്ങിയത്. എന്നാല്‍ പദ്ധതി വിജയംകണ്ടപ്പോള്‍ കൊള്ളലാഭത്തിന് മണല്‍വില്‍ക്കുകയെന്ന ഒറ്റലക്ഷ്യം മാത്രം അവശേഷിച്ചു. ഇതിനുപുറമെ വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനമായ കെംഡെല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ലാഭത്തിലാവുകയും ചെയ്തു. മലമ്പുഴയിലും ചുള്ളിയാറിലുമായി നാലുലക്ഷം ഘനമീറ്റര്‍ മണലാണ് കെംഡെല്‍ വാരിയിരിക്കുന്നത്. ഘനമീറ്ററിന് 15 രൂപ കണക്കാക്കിയാല്‍ കെംഡെല്ലിന് ലാഭം ഒരുകോടി 20 ലക്ഷം വരും.

മലമ്പുഴയ്ക്കുപുറമെ നെയ്യാര്‍ഡാമില്‍നിന്നും കെംഡെല്‍ മണല്‍വാരിത്തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ മീങ്കര, പോത്തുണ്ടി, വാളയാര്‍ ഡാമുകളില്‍നിന്ന് മണല്‍വരാനുള്ള പരിശോധന തുടങ്ങുമെന്ന് കെംഡെല്‍ അധികൃതര്‍ പറഞ്ഞു.

അതിനിടെ മലമ്പുഴമണല്‍ ഉയര്‍ന്നവിലയ്ക്ക് ലേലത്തിനുപോയെങ്കിലും കരാറുകാരുടെയും ലോറി ഓണേഴ്‌സ് അസോസിയേഷന്റെയും കടുത്തപ്രതിഷേധംമൂലം മണല്‍ നീക്കംചെയ്യല്‍ വൈകുമെന്നാണ് പറയുന്നത്. ന്യായവിലയ്ക്ക് മണലാവശ്യപ്പെട്ട് 25ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും നടത്തുന്നുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/