നിതാഖത് നിയമം:നയതന്ത്ര ഇടപെടലിലൂടെ പരിഹരിക്കും-മുഖ്യമന്ത്രി

Posted on: 02 Apr 2013തിരുവനന്തപുരം:സ്വദേശിവത്കരണംമൂലം സൗദി അറേബ്യയില്‍ നിന്ന് മലയാളികളടക്കമുള്ളവര്‍ മടങ്ങിപ്പോരേണ്ടി വരുന്ന പ്രശ്‌നം നയതന്ത്ര ഇടപെടലിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. വിദേശകാര്യ, പ്രവാസികാര്യ മന്ത്രിമാര്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. സൗദി സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ഉന്നതതലത്തില്‍ തന്നെ നയതന്ത്ര ഇടപെടല്‍ നടത്തും. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി ചോദിച്ചുകൊണ്ടുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്കു മുമ്പാകെ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആറു മാസത്തേക്ക് പൊതുമാപ്പ് നല്‍കുകയെന്നതാണ് ആദ്യത്തേത്. ഇക്കാലയളവിനുള്ളില്‍ സ്‌പോണ്‍സറില്‍ നിന്ന് മാറി വേറെ ജോലി ചെയ്യുന്നവര്‍, ഫ്രീ വിസയിലെത്തി ജോലിനോക്കുന്നവര്‍, വേണ്ടത്ര രേഖകളില്ലാതെ അനധികൃതമായി തങ്ങുന്നവര്‍ എന്നിവര്‍ക്കൊക്കെ ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനും അവിടെ തങ്ങുന്നതിനും കഴിയും. മടങ്ങിപ്പോരേണ്ടി വരുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനം ഉണ്ടാകരുതെന്നതാണ് വേറൊരാവശ്യം.

നിതാഖത് നിയമത്തിന്റെ പേരില്‍ സൗദിയില്‍ നിന്ന് പുറത്തുപോരേണ്ടി വരുന്നവരെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ചെലവില്‍ മടക്കിക്കൊണ്ടുവരും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുവേണ്ടി വരുന്ന തുകയുടെ ഒരു പങ്ക് സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തയാറാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

സൗദിയുമായി നല്ല ബന്ധം ഇന്ത്യക്കുള്ളതിനാല്‍ അതുപയോഗിച്ച് ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ ദിവസവും താന്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറെ ബന്ധപ്പെട്ടുകൊണ്ടാണിരിക്കുന്നതെന്നും അദ്ദേഹം ഒരോ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സൗദി അറേബ്യയുടെ നിയമത്തെ നമ്മള്‍ക്ക് ചോദ്യം ചെയ്യാനാകില്ല. നമ്മുടെയാളുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്നത്ര ഗുരുതരമല്ല കാര്യങ്ങളെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കെ.വി. അബ്ദുള്‍ഖാദറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിച്ചത്. നിതാഖാത് നിയമം വരുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനായില്ല. പ്രശ്‌നം ഉണ്ടായശേഷം പ്രവാസികാര്യമന്ത്രിയടക്കമുള്ളവരെ അങ്ങോട്ടേക്ക് അയയ്ക്കാനും കേന്ദ്രം തയാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുര കത്തുമ്പോള്‍ വാഴവെട്ടുന്നതുപോലെ എയര്‍ ഇന്ത്യ ഈ സമയത്ത് ടിക്കറ്റ് നിരക്ക് മൂന്നിരട്ടി കൂട്ടുകയും ചെയ്തു-അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളില്‍ വരുന്നയത്ര ഗുരുതരമല്ല കാര്യങ്ങളെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. എന്നാല്‍ പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.സൗദി അറേബ്യയില്‍ പോയി വേണ്ട ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി തന്നെ തയാറാകണമെന്ന്പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചു. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍വകക്ഷിസംഘം ഡല്‍ഹിക്ക് പോകണമെങ്കില്‍ തങ്ങള്‍ സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/