മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡില്‍ വനിതകളുടെ എണ്ണം അഞ്ചായി

Posted on: 21 Mar 2010



ഹൈദരാലി ശിഹാബ് തങ്ങളും പി.എ. ഇബ്രാഹിം ഹാജിയും അംഗങ്ങള്‍

ന്യൂഡല്‍ഹി: മുസ്‌ലിം മതപണ്ഡിതന്‍മാരുടെ സമുന്നതവേദിയായ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിലെ വനിതാ പ്രാതിനിധ്യം കൂട്ടി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ചേരുന്ന വാര്‍ഷിക പൊതുയോഗത്തിലാണ് വനിതകളുടെ എണ്ണം ഒന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതേസമയം, വിവാദമായ വനിതാ ബില്ലിന്റെ കാര്യത്തില്‍ പരസ്യാഭിപ്രായ പ്രകടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

നിലവിലുള്ള പ്രസിഡന്റ് മൗലാനാ സയ്യിദ് മുഹമ്മദ് റാബിഹ് അസ്മി നദ്‌വി തുടരും. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ റഹ്മാന്‍ ഖാന്‍, റിട്ട. ജസ്റ്റിസ് ഷാ മുഹമ്മദ് ഖാദിരി എന്നിവരെക്കൂടി സ്ഥിരാംഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിനിയമ ബോര്‍ഡിലേക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങള്‍, വ്യവസായ പ്രമുഖന്‍ പി.എ. ഇബ്രാഹിം ഹാജി എന്നിവരെ കൂടി കേരളത്തില്‍ നിന്നു തിരഞ്ഞെടുത്തിട്ടുണ്ട്.

വനിതാ പ്രാതിനിധ്യം കൂടിയതോടെ നിര്‍വാഹകസമിതിയംഗങ്ങളുടെ എണ്ണം 35ല്‍ നിന്ന് 40 ആയി ഉയര്‍ന്നു. വിവാദമായ വനിതാബില്ലിന്റെ കാര്യത്തില്‍ ലഖ്‌നൗവില്‍ നടക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ച വരുമെങ്കിലും അക്കാര്യത്തില്‍ പരസ്യമായി അഭിപ്രായപ്രകടനം ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന സൂചനയാണുള്ളത്. ബട്‌ലാ ഹൗസ് വെടിവെപ്പുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ചര്‍ച്ച സമ്മേളനത്തില്‍ നടക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. നിലവിലുള്ള വനിതാ പ്രതിനിധിയായ ബീഗം നസീം ഇഖ്‌തെദാറിന് പുറമേ ഉത്തര്‍പ്രദേശില്‍ നിന്നു തന്നെ ഡോ. രുക്‌സാന, ഡോ. സഫിയാ നസീം, പശ്ചിമ ബംഗാളില്‍ നിന്ന് നൂര്‍ജഹാന്‍ ഷക്കീല്‍, ഹൈദരാബാദില്‍ നിന്ന് ഡോ. അസ്മാ സഹ്‌റാ എന്നിവരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, അബ്ദുള്‍ ഷുക്കൂര്‍ കാസ്മി, അബ്ദുസ്സമദ് സമദാനി, കെ. എ. സിദ്ദിഖ് ഹസ്സന്‍, ഇ. അബൂബക്കര്‍ എന്നിവര്‍ കേരളത്തില്‍ നിന്ന് നേരത്തേ ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവര്‍ക്കു പുറമേ, ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ ടി. ആരിഫ് അലി, ഹുസൈന്‍ മടവൂര്‍, അബ്ദുള്‍ കരീം കാസ്മി, അഡ്വ. ഇബ്രാഹിം, ഐ.എന്‍.എല്‍. നേതാവ് സിറാജ് സേട്ട് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/