മില്‍മ പാല്‍ വില വര്‍ധന ഏപ്രില്‍ ഒന്നുമുതല്‍ പിന്‍വലിക്കും
Posted on: 21 Mar 2010
കൊച്ചി: മില്‍മ ജെഴ്‌സി പാലിന്റെ വില വര്‍ധന ഏപ്രില്‍ ഒന്നുമുതല്‍ പിന്‍വലിക്കാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് ജനവരി ഒന്നു മുതല്‍ നടപ്പാക്കിയ പ്രോത്സാഹന അധിക വില പദ്ധതി മാര്‍ച്ച് 31 വരെ തുടരും. ഏപ്രില്‍ മുതല്‍ ക്ഷീര കര്‍ഷകര്‍ക്ക് പ്രോത്സാഹന അധിക വില നല്‍കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്ന് മില്‍മ ഭരണസമിതി ആവശ്യപ്പെട്ടു.
ജെഴ്‌സി പാലിന് ലിറ്ററിന് രണ്ടു രൂപയും തൈരിന് ഒരു രൂപയുമാണ് കൂട്ടിയിരുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ജെഴ്‌സി പാലിന് പഴയ വിലയായ 22 രൂപയാക്കും. തൈരിന്റെ വില കുറയില്ല. 26 രൂപയായി തുടരും. തൈരിന്റെ വില കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് കുറയ്ക്കാത്തതെന്ന് മില്‍മ അറിയിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട എറണാകുളം മേഖല യൂണിയനാണ് പാലിന്റെ വില കൂട്ടിയിരുന്നത്.
ക്ഷീര കര്‍ഷകന് മാര്‍ച്ച് 11 മുതല്‍ പ്രോത്സാഹന അധികവിലയായി ലിറ്ററിന് മൂന്നു രൂപ നല്‍കിയിരുന്നു. സംഭരിക്കുന്ന പാലിന്റെ 80 ശതമാനമെങ്കിലും മേഖല യൂണിയനു നല്‍കുന്ന പ്രാഥമിക ക്ഷീരസംഘങ്ങള്‍ക്ക് ലിറ്റര്‍ ഒന്നിന് ഒരു രൂപ വീതവും അധിക തുക നല്‍കിയിരുന്നു. മാര്‍ച്ച് 31 വരെ മാത്രമേ ഇതു തുടരൂ. ക്ഷീര കര്‍ഷകരെ ഈ മേഖലയില്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് മില്‍മ പാലിന്റെയും തൈരിന്റെയും വില കൂട്ടിയതെന്നായിരുന്നു മില്‍മ നല്‍കിയിരുന്ന വിശദീകരണം.
കര്‍ഷകര്‍ക്ക് പ്രോത്സാഹന തുക നല്‍കിയതോടെ പ്രതിദിനം ഏകദേശം അഞ്ചു ലക്ഷം രൂപ അധിക വിലയായി നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വില നല്‍കി പാല്‍ കൊണ്ടുവന്ന് വിതരണം ചെയ്യുന്നതിന് ഏകദേശം രണ്ടുലക്ഷം രൂപയുടെ അധിക ചെലവ് ഉണ്ടാകും. മാര്‍ച്ച് 17 മുതല്‍ ജെഴ്‌സി പാലിന് വില വര്‍ധിപ്പിച്ചതോടെ പ്രതിദിനം രണ്ടുലക്ഷം രൂപയുടെ വരുമാനം മാത്രമാണ് ലഭിച്ചിരുന്നതെന്ന് എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ പറഞ്ഞു.
നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും മില്‍മയും തമ്മിലുള്ള കരാര്‍ പ്രകാരം യൂണിയന്‍ നിയമാവലി അനുസരിച്ചും പാലിന്റെ വില വര്‍ധിപ്പിക്കാനുള്ള അവകാശം മില്‍മയ്ക്കുമുണ്ട്. കൂടാതെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം മാനിച്ചാണ് വില വര്‍ധന പിന്‍വലിക്കാന്‍ ഭരണസമിതി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam