യൂത്ത് കോണ്‍ഗ്രസ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങുക - രാജീവ് സത്‌വ

Posted on: 21 Mar 2010





കൊല്ലം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനും ഒപ്പം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സത്‌വ ആഹ്വാനം ചെയ്തു.

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ശനിയാഴ്ച രാത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പുരോഗതി നേടുമ്പോള്‍ കേന്ദ്രം പണം നല്‍കിയിട്ടും വികസനം ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയത് സി.പി.എം.ഭരണം മൂലമാണെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ആരോപിച്ചു.

ഇന്ത്യകണ്ട മഹാനടനായ അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ക്ഷണിച്ചശേഷം അപമാനിച്ച ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നത്-മഹാരാഷ്ട്രക്കാരനായ രാജീവ് സത്‌വ കുറ്റപ്പെടുത്തി.

കേരളത്തിലെ യുവാക്കള്‍ മാറ്റത്തിന് തയ്യാറാകണമെന്ന തന്റെ സന്ദേശം സമ്മേളനത്തിനു നല്‍കണമെന്ന് രാഹുല്‍ ഗാന്ധി തന്നെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ആയശേഷം സംഘടനയുടെ വാതില്‍ പ്രവര്‍ത്തകര്‍ക്കായി അദ്ദേഹം തുറന്നിട്ടിരിക്കുകയാണ്. സംഘടനയില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. മുമ്പ് നേതാക്കന്മാരുടെ ആളുകള്‍ക്കേ യൂത്ത് കോണ്‍ഗ്രസ്സില്‍ സ്ഥാനം ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ കഴിവുള്ള ഏതു പ്രവര്‍ത്തകനും തിരഞ്ഞെടുപ്പിലൂടെ നേതൃത്വത്തില്‍ എത്താം-അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രാഹുല്‍ഗാന്ധി തന്റെ മൊബൈല്‍ ഫോണിലേക്ക് അയച്ച സന്ദേശം രാജീവ് സത്‌വ വായിച്ചു.

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അധ്യക്ഷപ്രസംഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു.

കേരളത്തിലെ യുവാക്കളെ വര്‍ഗീയതയില്‍നിന്നും ഭീകരവാദത്തില്‍നിന്നും മോചിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. മുമ്പ് കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ വേരറുത്തത് യൂത്ത് കോണ്‍ഗ്രസ്സാണ്.

ജനത്തിനും പാര്‍ട്ടിക്കും വേണ്ടാത്ത ഒരു ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഭരണമാറ്റത്തിന്റെ ശംഖൊലി മുഴങ്ങിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ് എം.എല്‍.എ., ന്യാമര്‍ കാര്‍വക്ക്, എന്‍.എസ്.യു. അഖിലേന്ത്യാ പ്രസിഡന്റ് ഹൈബി ഈഡന്‍, പ്രതിപക്ഷ ഉപനേതാവ് ജി.കാര്‍ത്തികേയന്‍, കെ.പി.സി.സി. മുന്‍ പ്രസിഡന്റ് സി.വി. പദ്മരാജന്‍, എം.പി.മാരായ എന്‍.പീതാംബരക്കുറുപ്പ്, കെ.സി.വേണുഗോപാല്‍, കെ.പി.സി.സി.ജനറല്‍ സെക്രട്ടറിമാരായ കെ.സി.രാജന്‍, ബെന്നി ബഹ്‌നാന്‍, ജോസഫ് വാഴയ്ക്കന്‍, അജയ് തറയില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.സി.ജോസ്, ഡി.സി.സി.പ്രസിഡന്റുമാരായ കടവൂര്‍ ശിവദാസന്‍, വി.എസ്.ശിവകുമാര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.അനില്‍ കുമാര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സൂരജ് രവി സ്വാഗതവും സംസ്ഥാന സെക്രട്ടറി ഒ.ആര്‍.രഘു നന്ദിയും പറഞ്ഞു.

ഞായറാഴ്ച പ്രതിനിധിസമ്മേളനം രാവിലെ കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയും യൂത്ത് കോണ്‍ഗ്രസ് സംഗമം ഉച്ചയ്ക്ക് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും സമാപനസമ്മേളനം വൈകിട്ട് യു.ഡി.എഫ്.കണ്‍വീനര്‍ പി.പി.തങ്കച്ചനും ഉദ്ഘാടനം ചെയ്യും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/