പ്രതിയെ കണ്ടെത്താനാകാത്ത കൊലക്കേസുകള്‍ ഇനി ക്രൈംബ്രാഞ്ചിന്
Posted on: 21 Mar 2010
ടി.ജി. ബേബിക്കുട്ടി
തിരുവനന്തപുരം: മൂന്നുദിവസം വരെ പ്രതിയെ കണ്ടെത്താനാകാത്ത കൊലപാതകക്കേസുകള്‍ ഇനി ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയില്‍ കൊണ്ടുവരേണ്ട കേസുകള്‍ സംബന്ധിച്ച് ഡി.ജി.പി. പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
ഇപ്പോള്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നുകണ്ടാല്‍ അവ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡി.ജി.പി. പ്രത്യേക ഉത്തരവി റക്കുകയാണ് പതിവ്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിന് സമയപരിധി വച്ചിരുന്നില്ല.
പ്രതിയാരാണെന്ന് തിരിച്ചറിയാന്‍ നിര്‍വാഹമില്ലെന്ന് എഫ്.ഐ.ആറില്‍ പറയുന്ന കൊലപാതകക്കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഇനി പ്രത്യേക ഉത്തരവ് ഉണ്ടാകില്ല. പ്രതിയെക്കുറിച്ച് സൂചനകളില്ലാത്ത കേസുകളും ക്രൈംബ്രാഞ്ചിന് ഏറ്റെടുക്കേണ്ടിവരും.
അയ്യായിരം ലിറ്ററില്‍ കൂടുതല്‍ സ്പിരിറ്റ് പിടിക്കുന്ന കേസുകളുടെ അന്വേഷണവും ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ട്.
ഒന്നിലേറെപ്പേര്‍ മരിക്കുന്ന സ്‌ഫോടനക്കേസുകള്‍, സി.ഐ. മുതല്‍ മുകളിലോട്ടുള്ളവര്‍ പ്രതികളാകുന്ന വാഹനാപകടങ്ങള്‍ ഒഴികെയുള്ള കേസുകള്‍ എന്നിവയും ക്രൈംബ്രാഞ്ച് നേരിട്ട് അന്വേഷിക്കും.
കള്ളനോട്ട്‌കേസുകളുടെ അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചിനാണ്. ഈ സ്ഥിതി തുടരും. രണ്ടുകോടിയില്‍ കൂടുതല്‍ തട്ടിപ്പ് നടത്തുന്ന കേസുകളും ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഡി.ജി.പി.യുടെ നിര്‍ദേശത്തില്‍ പറയുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam