യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തില്‍ കൊല്ലം മൂവര്‍ണശോഭയണിഞ്ഞു

Posted on: 21 Mar 2010





കൊല്ലം: യൂത്ത് കോണ്‍ഗ്രസ് ശക്തി പ്രകടനത്തില്‍ കൊല്ലം മൂവര്‍ണശോഭയണിഞ്ഞു. കാല്‍ നൂറ്റാണ്ടിനുശേഷം നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് സംഘടിപ്പിച്ച റാലി സംഘടനയുടെ ശക്തി വിളംബരം ചെയ്തു.

ത്രിവര്‍ണപതാകകള്‍കൊണ്ട് അലങ്കരിച്ച കൊല്ലത്തേക്ക് ശനിയാഴ്ച വൈകുന്നേരത്തോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. കൊല്ലം ജില്ല കേന്ദ്രീകരിച്ചായിരുന്നു പ്രകടനമെങ്കിലും എല്ലാ ജില്ലകളില്‍നിന്നും പ്രതിനിധികള്‍ എത്തിച്ചേര്‍ന്നു. അതിവിശാലമായ ആശ്രാമം മൈതാനം അഞ്ചുമണിയോടെ നിറഞ്ഞുകവിഞ്ഞു. ചെറുജാഥകളും മൈതാനത്തേക്ക് ഒഴുകിയെത്തി.

5.30ന് ശങ്കേഴ്‌സ് ആസ്​പത്രി പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജുവും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എല്‍.എ.യും സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ചേര്‍ന്ന് റാലി നയിച്ചു.

ചെണ്ടമേളവും പൂക്കാവടിയും തെയ്യവും ഉത്സവപ്രതീതി പകര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് യാഗാശ്വമാണെന്ന് പ്രതീകാത്മകസൂചന നല്‍കി കുതിരവണ്ടി ഒരുക്കിയിരുന്നു. ഗാന്ധിജിയുടെ വേഷമിട്ട ചാച്ചാ ശിവരാജന്‍ കൗതുകമായി.

റാലിയുടെ ബാനറില്‍മുതല്‍ പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രാവാക്യങ്ങളില്‍വരെ നിറഞ്ഞുനിന്നത് രാഹുല്‍ ഗാന്ധി ആയിരുന്നു. കൈകളില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ മൂവര്‍ണക്കൊടികളുമായി ഉശിരന്‍ മുദ്രാവാക്യങ്ങളും മുഴക്കി പ്രവര്‍ത്തകര്‍ നടന്നുനീങ്ങി.

എല്‍.ഡി.എഫ്.ഗവണ്‍മെന്റിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ക്ക് മൂന്നാറിലെയും വയനാട്ടിലെയും കൈയേറ്റങ്ങളും വിദ്യാഭ്യാസനയവും വിലക്കയറ്റവും ഇതിവൃത്തമായി.

'ഷഷ്ഠി കഴിഞ്ഞും നവതി കഴിഞ്ഞും അധികാരത്തിന്‍ സോപാനത്തില്‍ കടിച്ചുതൂങ്ങിയിരിക്കുന്ന പാര്‍ട്ടിയിലെ വൃദ്ധനേതൃത്വത്തെ' പരിഹസിക്കുന്ന മുദ്രാവാക്യങ്ങളും മുഴങ്ങിക്കേട്ടു. നവതി കഴിഞ്ഞ യുവാക്കന്മാരേ കേള്‍ക്കുന്നില്ലേ ഈ ശബ്ദം' എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചുചോദിച്ചു.

ചിന്നക്കട റസ്റ്റ്ഹൗസിലെ പവിലിയനില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സത്‌വ എന്നിവര്‍ റാലിയെ കൈവീശി അഭിവാദ്യം ചെയ്തപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശംകൊണ്ട് ഇളകിമറിഞ്ഞു.

കുഞ്ഞനുജന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. കടവൂര്‍ ശിവദാസനും എന്‍.പീതാംബരക്കുറുപ്പ് എം.പി.യും യു.ഡി.എഫ്.ജില്ലാ ചെയര്‍മാന്‍ ഡോ. ശൂരനാട് രാജശേഖരനും കോണ്‍ഗ്രസ്സിന്റെ മറ്റ് മുതിര്‍ന്ന നേതാക്കളും യൂത്ത് കോണ്‍ഗ്രസ്സിന്റെ മുന്‍കാല നേതാക്കളും ഓടിനടക്കുന്നുണ്ടായിരുന്നു.

നീലക്കൊടികളുമേന്തി കെ.എസ്.യു.പ്രവര്‍ത്തകരും ജവാഹര്‍ ബാലജനവേദിയുടെ കുരുന്നുകളും ജ്യേഷ്ഠ സഹോദരന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ചിന്നക്കട റെയില്‍വേ സ്റ്റേഷന്‍ വഴി പ്രകടനം കന്‍േറാണ്‍മെന്റ് മൈതാനത്തെ അനൂപ് നഗറില്‍ എത്തിച്ചേര്‍ന്നു. കെ.എസ്.യു.പ്രവര്‍ത്തകര്‍ 2000 വര്‍ണബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ആഹ്ലാദം പങ്കുവച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/