ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ നല്‍കിയത് സൈനുദ്ദീന്‍: നസീര്‍

Posted on: 21 Mar 2010



നസീറിന്റെ വെളിപ്പെടുത്തല്‍


കണ്ണൂര്‍: നിരോധിത ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന് ടൈം ബോംബ് നിര്‍മ്മാണത്തിനുള്ള ഇലക്‌ട്രോണിക് സാമഗ്രികള്‍ ലഭ്യമാക്കിയിരുന്നത് മലപ്പുറം കൊണ്ടോട്ടി പെരുവള്ളൂര്‍ എടക്കനത്തൊടി വീട്ടില്‍ സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയാണെന്ന് ലഷ്‌കര്‍ ഭീകരന്‍ കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ തടിയന്റവിടെ നസീര്‍ മൊഴിനല്‍കി. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് റിയാസ് ഭട്കലാണ് സത്താര്‍ ഭായിയുമായി ബന്ധപ്പെട്ട് ഇവ സംഘടിപ്പിച്ചിരുന്നത്.

അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള സി.എം.എ. ബഷീര്‍ ഇപ്പോള്‍ ഗള്‍ഫില്‍ ഒളിവിലാണ്. ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്ത സൈനുദ്ദീന്‍ ഇപ്പോള്‍ ഗുജറാത്തില്‍ റിമാന്‍ഡിലാണ്. ഒളിവില്‍ കഴിയുന്ന റിയാസ് ഭട്കലിനെ കണ്ടെത്താനും തിരച്ചില്‍ നടക്കുന്നുണ്ട്. റിയാസ് ഭട്കലിന്റെ സംഘത്തിന് സൈനുദ്ദീന്‍ ബോംബില്‍ ഘടിപ്പിക്കാനുള്ള ടൈമര്‍, ഇലക്‌ട്രോണിക് ചിപ്പ്, സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌ഫോടന പരമ്പരകളില്‍ ബോംബ് നിര്‍മ്മാണത്തിന് ഇവയാണുപയോഗിച്ചത്. അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച ടൈമര്‍ നിര്‍മ്മിച്ചത് സൈനുദ്ദീന്റെ മരുമകനാണെന്നും വിവരം ലഭിച്ചു.

കുറ്റിപ്പുറത്തെ ഒരു ലോഡ്ജില്‍ വെച്ച് സൈനുദ്ദീനാണ് റിയാസ് ഭട്കലിനെ നസീറിന് പരിചയപ്പെടുത്തിയത്. ചെട്ടിപ്പടിയിലെ അബ്ദുള്‍ റഹീമും ഇവിടെയുണ്ടായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നസീര്‍ ആളുകളെ സംഘടിപ്പിക്കുമെന്നും സൈനുദ്ദീന്‍ റിയാസ് ഭട്കലിന് ഉറപ്പു നല്‍കി. എന്നാല്‍ ബാംഗ്ലൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്യുന്ന തിരക്കിലായതിനാല്‍ ആളുകളെ നല്‍കാനായില്ല. സര്‍ഫ്രാസ് നവാസിനെയും കൂട്ടി അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ചതായും നസീര്‍ മൊഴിനല്‍കി.

നസീറും അബ്ദുള്‍ റഹീമും ചേര്‍ന്നാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും വിവരം ലഭിച്ചു. പെരുമ്പാവൂരില്‍ നിന്ന് വാങ്ങിയ സ്‌ഫോടക വസ്തുക്കളും കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിന് സമീപമുള്ള ടെലിഫോണ്‍ ബൂത്തില്‍ വെച്ച് ബോംബ് നിര്‍മ്മിച്ചതിന് ശേഷം ബാക്കി വന്ന സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ഇതിനായി ബോംബുണ്ടാക്കിയത്. കോയമ്പത്തൂരില്‍ ഉപയോഗിച്ച് ബാക്കിവന്ന ജലാറ്റിനും ഡിറ്റണേറ്ററുകളും സേഫ്റ്റി ഫ്യൂസും ഒരു സ്റ്റീല്‍ പാത്രത്തില്‍ അടച്ച് കണ്ണൂര്‍ പയ്യാമ്പലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. നസീര്‍,ഫായിസ്, ആലിം, അഷര്‍, ഷഫാസ്, യൂസഫ്, ഷമ്മി ഫിറോസ് തുടങ്ങിയവരുമാണ് ബസ് സ്റ്റാന്‍ഡുകളില്‍ ബോംബ് വെക്കാനായി പോയത്. യൂസഫും അഷറും ചേര്‍ന്ന് മൊഫ്യൂസല്‍ സ്റ്റാന്‍ഡിലും ഷഫാസും ഫായിസും ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലും ബോംബ് വെച്ചു. നസീറിനായിരുന്നു മേല്‍നോട്ടം. സ്‌ഫോടനം നടത്തുന്നതിന്റെ ഉദ്ദേശ്യം പോലീസ് സ്റ്റേഷനിലും മറ്റും വിളിച്ചുപറയാനാണ് ഷമ്മിഫിറോസിനെ ചുമതലപ്പെടുത്തിയിരുന്നതെന്നും നസീറിന്റെ മൊഴിയിലുള്ളതായി അറിയുന്നു. എന്‍.ഐ.എ. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഷമ്മി ഫിറോസിനെ ചോദ്യം ചെയ്തുവരികയാണ്.

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഡിറ്റണേറ്റര്‍ ബോംബ് സ്ഥാപിച്ച കേസിന്റെ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടിയ നസീറിനെയും കൂട്ടാളി ഷഫാസിനെയും മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പിലാണ് അന്വേഷണ സംഘം ചോദ്യംചെയ്യുന്നത്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/